IPL 2021 | 'ആരെ കൂടുതല്‍ ആക്രമിക്കണം എന്നതായിരുന്നു പ്രശ്‌നം'; ചെന്നൈക്കെതിരായ മത്സരശേഷം പൊള്ളാര്‍ഡ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
34 പന്തില്‍ നിന്നും എട്ട് സിക്‌സറും, ആറ് ബൗണ്ടറികളും അടക്കം 87 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചു കൂട്ടിയത്.
തന്റെ ഐതിഹാസിക ഇന്നിങ്‌സിലൂടെ ഏവരും ഉറ്റു നോക്കികൊണ്ടിരുന്ന മത്സരത്തില്‍ മുംബൈയെ വിജയത്തിലേക്ക് കൈ പിടിച്ച് നടത്തിയിരിക്കുകയാണ് കീറോണ്‍ പൊള്ളാര്‍ഡ്. കീറോണ്‍ പൊള്ളാര്‍ഡിന്റെ ഒറ്റയാള്‍ പ്രകടനത്തിന് പിന്തുണയുമായി ക്രുണാല്‍ പാണ്ഡ്യ, രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെയും പ്രകടനങ്ങള്‍ വന്നപ്പോള്‍ 219 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം മുംബൈ അവസാന പന്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 34 പന്തില്‍ നിന്നും എട്ട് സിക്‌സറും, ആറ് ബൗണ്ടറികളും അടക്കം 87 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചു കൂട്ടിയത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സ് 27 പന്തില്‍ 4 ഫോറും 7 സിക്‌സുമടക്കം പുറത്താകാതെ 72 റണ്‍സ് നേടിയ അമ്പാട്ടി റായുഡു, 36 പന്തില്‍ 5 ഫോറും 5 സിക്‌സുമടക്കം 58 റണ്‍സ് നേടിയ മൊയിന്‍ അലി, 28 പന്തില്‍ 2 ഫോറും 4 സിക്‌സുമടക്കം 50 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ മികവിലാണ് വമ്പന്‍ സ്‌കോര്‍ നേടിയത്. എന്നാല്‍ തന്റെ ഒറ്റയാന്‍ പോരാട്ടത്തിലൂടെ ചെന്നൈ ടീമിനെ തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു പൊള്ളാര്‍ഡ്. ആദ്യ പന്ത് മുതലേ ആക്രമിച്ചു കളിച്ച കീറോണ്‍ പൊള്ളാര്‍ഡ് മത്സരശേഷം ചെന്നൈ നിരയില്‍ ഏത് ബൗളറെയാണ് കൂടുതല്‍ തവണ ആക്രമിക്കേണ്ടതെന്നതായിരുന്നു ബാറ്റിങ്ങില്‍ നേരിട്ട ഏക പ്രശ്നമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.
advertisement
'ഈ പിച്ച് എത്രത്തോളം ബാറ്റിങ്ങിന് അനുകൂലമാണെന്ന് ഞങ്ങള്‍ക്കറിയാം. ബാറ്റിങ്ങിനെ ഏറെ തുണയ്ക്കുന്ന ഈ പിച്ചില്‍ ഞങ്ങള്‍ ആദ്യ ആറ് ഓവറില്‍ മികച്ചൊരു അടിത്തറ നേടാനായാല്‍ ഞങ്ങള്‍ക്കുവേണ്ടി തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ബാറ്റിംഗ് നിര ഒപ്പമുണ്ടെന്നും അറിയാം. രോഹിതും ക്വിന്റനും മികച്ച പ്രകടനം നടത്തി. അവര്‍ പവര്‍പ്ലേയില്‍ അടക്കം മികച്ച ഷോട്ടുകള്‍ കളിച്ചു. തുടര്‍ച്ചയായി കുറച്ച് വിക്കറ്റുകള്‍ വീണപ്പോഴാണ് ടീം സമ്മര്‍ദ്ദത്തിലായത്. എന്നാല്‍ അതിന് ശേഷം ഏത് ബൗളറെയാണ് കൂടുതല്‍ ആക്രമിച്ച് തങ്ങളുടെ പദ്ധതി നടപ്പിലാക്കേണ്ടതെന്ന് മാത്രമായിരുന്നു പ്രശ്നം. ഈ ഗ്രൗണ്ടില്‍ 200+ റണ്‍സ് പോലും ഡിഫന്‍ഡ് ചെയ്യുക വളരെ ബുദ്ധിമുട്ടാണ്'- പൊള്ളാര്‍ഡ് വെളിപ്പെടുത്തി.
advertisement
ഐ പി എല്ലില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും ഉറ്റു നോക്കുന്ന മത്സരമാണ് ചെന്നൈ- മുംബൈ മത്സരം. എന്തുകൊണ്ടാണ് ഈ ടീമുകള്‍ തമ്മിലുള്ള മത്സരത്തെ ഐ പി എല്ലിലെ 'എല്‍ ക്ലാസിക്കോ' എന്ന് വിളിക്കുന്നതിന്റെ കാരണം വിശദീകരിക്കുന്ന പ്രകടനമായിരുന്നു ഇരു ടീമും പുറത്തെടുത്തത്. ഈ സീസണില്‍ ഒരു തവണ കൂടി നേര്‍ക്കുനേര്‍ വരുമ്പോള്‍ എന്താകും സംഭവിക്കുക എന്നാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.
Location :
First Published :
May 02, 2021 5:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'ആരെ കൂടുതല്‍ ആക്രമിക്കണം എന്നതായിരുന്നു പ്രശ്‌നം'; ചെന്നൈക്കെതിരായ മത്സരശേഷം പൊള്ളാര്‍ഡ്



