ഇന്റർഫേസ് /വാർത്ത /Kerala / ശബരിമലയിൽ ദർശനം നടത്തിയത് 10 യുവതികൾ ?

ശബരിമലയിൽ ദർശനം നടത്തിയത് 10 യുവതികൾ ?

  • Share this:

    തിരുവനന്തപുരം: ശബരിമലയിൽ ബിന്ദുവും കനകദുർഗയും ശ്രീലങ്കൻ യുവതിയായ ശശികലയും മാത്രമല്ല ഇതുവരെ ദർശനം നടത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ‌. സമീപദിവസങ്ങളിൽ പത്തു യുവതികൾ ദർശനം നടത്തിയതായാണ് ഇവർ നൽകുന്ന വിവരം. വിദേശത്തുനിന്നെത്തിയ സംഘത്തിലുൾപ്പെട്ട 40നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ഉൾപ്പെടെ ശബരിമല ദർശനം നടത്തിയതായാണ് വിവരം. ഇവരുടെയെല്ലാം പ്രായവും മലകയറിയ തിയതിയും സമയവും ഉൾപ്പെടെയുള്ള കാര്യങ്ങൾ സുപ്രീംകോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുമെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് വനിതാമതിൽ സംഘടിപ്പിച്ചതിന് മുൻപും ശേഷവുമായി യുവതികൾ മലചവിട്ടിയെന്ന വിവരമാണ് പൊലീസ് നൽകുന്നത്.

    മൂന്നു ദിവസം മുമ്പ് ശബരിമലയിലെത്തിയ 25 അംഗ മലേഷ്യൻ സംഘത്തിൽ മൂന്നു യുവതികൾ ദർശനം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച മലചവിട്ടിയ ശ്രീലങ്കൻ യുവതി ഉൾപ്പെടെ പത്തുപേർ ദർശനം നടത്തി. അതേസമയം, ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണത്തിന് ഇവർ ഇതുവരെ തയാറായിട്ടില്ല. യുവതികൾ മലചവിട്ടിയ വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. സർക്കാരിനും പൊലീസിലെ ഉന്നതർക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു. വിദേശത്തുനിന്നെത്തിയവർക്കു പുറമേ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ സംഘങ്ങൾക്കൊപ്പവും 50 വയസ്സിൽ താഴെയുള്ള വനിതകൾ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

    ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടുകളിൽ ഇതുവരെയുണ്ടായ യുവതീപ്രവേശനം സംബന്ധിച്ച വിശദവിവരങ്ങളും സുരക്ഷനൽകിയത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതികളെ കയറ്റിയെന്ന് കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണ്‌ കൂടുതൽ യുവതികളെ എത്തിക്കുന്നതെന്നാണ് സൂചന. ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിയശേഷമാണ്‌ കൂടുതൽ യുവതികളെ എത്തിക്കുന്ന പദ്ധതിയുമായി പൊലീസും സർക്കാരും മുന്നോട്ടുപോകുന്നതെന്നാണ് വിവരം. വരുംദിവസങ്ങളിലും കൂടുതൽ യുവതികൾ ദർശനത്തിനെത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

    First published:

    Tags: Kanakadurga, Kanakadurga and bindhu, Sabarimala women entry issue, Sasikala, Women entry, കനകദുര്‍ഗ, ബിന്ദു, ശബരിമല സ്ത്രീപ്രവേശനം, ശശികല, സ്ത്രീ പ്രവേശനം