ആരാണ് ബിന്ദുവും കനകദുർഗയും ?

Last Updated:
ഏതുപ്രായത്തിലുള്ള സ്ത്രീകൾ‌ക്കും ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി ശബരിമല ദർശനം നടത്തി ചരിത്രത്തിൽ ഇടംനേടിയവരാണ് ബിന്ദുവും കനകദുർഗയും. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തുമെന്ന് അന്നേ ഇരുവരും ഉറപ്പ് പറഞ്ഞിരുന്നു. ഒടുവിൽ ആ വാക്ക് പാലിച്ചു. പൊലീസ് സംരക്ഷണയോടെ മലകയറി ദർശനം നടത്തി ഇരുവരും ചരിത്രത്തിന്റെ ഭാഗമായി. മലയിറങ്ങിയ ഇരുവരും ഇപ്പോൾ പൊലീസ് സംരക്ഷണയിലാണ്.
ബിന്ദു അമ്മിണി, 41 വയസ്, അഭിഭാഷക. കോഴിക്കോട് എടക്കുളം സ്വദേശിയാണ്. എറണാകുളം ഗവൺമെന്റ് ലോ കോളജില്‍നിന്ന് നിയമബിരുദവും തിരുവനന്തപുരം കാര്യവട്ടം ഗവൺമെന്റ് ലോ കോളജില്‍നിന്ന് എല്‍.എല്‍.എമ്മും നേടിയ ബിന്ദു ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി പാലയാടുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന ബിന്ദു, യുവജനവേദിയുടെയും സി.പി.ഐ. (എം.എല്‍) റെഡ്സ്റ്റാറിന്റെയും സജീവ പ്രവര്‍ത്തകയായിരുന്നു. ഭര്‍ത്താവ് സി.പി.ഐ.എം.എല്‍. പ്രവര്‍ത്തകനായ ഹരിഹരന്‍ യുവജനവേദിയുടെ മുന്‍ ജില്ലാ സെക്രട്ടറിയാണ്. 2009ല്‍ സി.പി.ഐ(എം.എല്‍.) പിളര്‍ന്നതോടെ ഇരുവരും സജീവരാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങി. ഇപ്പോള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും ബന്ധമില്ലെന്നാണ് ഹരിഹരന്‍ പറയുന്നത്.
advertisement
ഡിസംബര്‍ 31ന് ഹരിഹരനെ വിളിച്ച് വീട്ടില്‍നിന്ന് മാറിനില്‍ക്കാന്‍ ബിന്ദു ആവശ്യപ്പെട്ടിരുന്നു. താന്‍ ശബരിമലയ്ക്ക് പോവുകയാണെന്നും യാത്രയ്ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും അവര്‍ മറ്റുചിലരെയും അറിയിച്ചു. ബിന്ദു വിളിച്ചതിനെത്തുടര്‍ന്ന് ഹരിഹരനും ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങി. സന്നിധാനത്തിന്റെ താഴെവരെ ഹരിഹരനും ബിന്ദുവിനോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം.
കനകദുർഗ, 42 വയസ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി. വിശ്വാസികളടങ്ങിയ കുടുംബത്തിലെ അംഗം. സിഐടിയു പ്രവർത്തകയാണ്. സിപിഎം അനുഭാവികളാണ് കുടുംബാംഗങ്ങൾ. എന്നാൽ, ശബരിമല വിഷയത്തിൽ കനകദുർഗയുടെ നിലപാടിനോട് യോജിപ്പില്ലെന്ന് സഹോദരങ്ങളും ബന്ധുക്കളും പറയുന്നു. മലപ്പുറം ആനമങ്ങാട് മാവേലി സ്റ്റോറിലെ ജീവനക്കാരിയാണ് ഇവർ. ഇടതുസാംസ്‌കാരിക വേദിയായ അരീക്കോട്ടെ വൈ.എം.എ. കലാസാഹിത്യ വേദിയിലും പിന്നീട് പുരോഗമനകലാ സാഹിത്യ സംഘത്തിലും വള്ളുവനാട് സാംസ്‌കാരികവേദിയിലും കുട്ടിക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. കുട്ടികളെ സഹോദരിയുടെ വീട്ടിലാക്കിശേഷമാണ് ഡിസംബര്‍ 24ന് കനകദുര്‍ഗ ആദ്യം ശബരിമലയിലേക്ക് പോയത്. തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നായിരുന്നു വീട്ടില്‍ പറഞ്ഞത്.
advertisement
ആദ്യശ്രമം പരാജയപ്പെട്ടതിന് പിന്നാലെ കനകദുർഗയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംരക്ഷണയില്‍ കണ്ണൂരിലുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു. കനകദുര്‍ഗ തറവാട്ടിലേക്ക് തിരിച്ചുവരുന്നതില്‍ യോജിപ്പില്ലെന്നാണ് നേരത്തേതന്നെ സഹോദരന്റെ നിലപാട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരാണ് ബിന്ദുവും കനകദുർഗയും ?
Next Article
advertisement
കേരളത്തിലെ എസ്‌ഐആര്‍ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുസ്ലിം ലീഗ് ഹര്‍ജി
കേരളത്തിലെ എസ്‌ഐആര്‍ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുസ്ലിം ലീഗ് ഹര്‍ജി
  • മുസ്ലിം ലീഗ് കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിർത്തിവെക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

  • തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കില്‍ എസ്‌ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് ഹർജിയിൽ പറയുന്നു.

  • പയ്യന്നൂരിൽ ബിഎൽഒയുടെ ആത്മഹത്യ: എസ്‌ഐആർ ജോലിക്കാർക്ക് സമ്മർദ്ദം താങ്ങാനാകുന്നില്ല.

View All
advertisement