നിപയിൽ ആശ്വാസം; 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
- Published by:Arun krishna
- news18-malayalam
Last Updated:
ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന പതിനൊന്ന് പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്
കോഴിക്കോട് നിന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളില്‍ നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന പതിനൊന്ന് പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെത് അടക്കം കൂട്ടിച്ചേര്‍ത്ത് വിപലീകരിച്ച സമ്പര്‍ക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. 950 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
അതേസമയം, കോഴിക്കോട് രണ്ടു പേർക്ക് കൂടി നിപ രോഗലക്ഷണങ്ങൾ കണ്ടെത്തി. 15 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനക്കയച്ചിട്ടുണ്ട്. നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടുമെന്ന് മന്ത്രി അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എന്‍.ഐ.വി. പൂനെയുടെ മൊബൈല്‍ ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ടീമും എത്തുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന്‍ കെ.എം.എസ്.സി.എല്‍.ന് മന്ത്രി നിര്‍ദേശം നല്‍കി.
advertisement
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതിയില്ല.
സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനമൊരുക്കാനും നിര്‍ദേശമുണ്ട്. പ്രദേശത്തെ പൊതുപാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനമുണ്ടായിരിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
September 14, 2023 10:05 PM IST