മകളുടെ മരണാനന്തരച്ചടങ്ങിന് സാധനങ്ങളുമായി എത്തിയ പിക്കപ്പ് വാൻ മറിഞ്ഞ് വീട്ടുമുറ്റത്ത് നിന്ന അമ്മയ്ക്ക് ദാരുണാന്ത്യം
- Published by:Rajesh V
- news18-malayalam
Last Updated:
കാൻസർ ബാധിച്ചു മരിച്ച പുഷ്പയുടെ മരണാനന്തരച്ചടങ്ങ് ഇന്നാണു നടക്കേണ്ടിയിരുന്നത്. അതിനുള്ള സാധനങ്ങളുമായാണ് മിനി ടെമ്പോ എത്തിയത്.
കണ്ണൂർ: മകളുടെ മരണാനന്തരച്ചടങ്ങിനുള്ള വാടകസാധനങ്ങൾ ഇറക്കാനെത്തിയ പിക്കപ്പ് വാൻ മറിഞ്ഞ് വീടിന് മുന്നിൽ വസ്ത്രം അലക്കുകയായിരുന്ന അമ്മയ്ക്ക് ദാരുണാന്ത്യം. ഒളവിലം നോർത്ത് എൽപി സ്കൂളിന് സമീപത്തെ കുണ്ടൻചാലിൽ ഹൗസിൽ ജാനു (85) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 ഓടെയാണ് അപകടം. മകളുടെ 41ാം ചരമദിനച്ചടങ്ങിനു സാധനങ്ങളുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഇറക്കത്തിലുള്ള റോഡരികിലാണ് ജാനുവിന്റെ വീട്. വാഹനത്തിന് മുന്നിലുണ്ടായിരുന്ന സ്കൂട്ടർ മാറ്റാൻ ഡ്രൈവർ ലിജിൻ ഇറങ്ങിയപ്പോഴാണ് വാൻ നിരങ്ങിനീങ്ങി ജാനുവിന്റെ ദേഹത്തേക്ക് മറിഞ്ഞത്. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
കാൻസർ ബാധിച്ചു മരിച്ച പുഷ്പയുടെ മരണാനന്തരച്ചടങ്ങ് ഇന്നാണു നടക്കേണ്ടിയിരുന്നത്. അതിനുള്ള സാധനങ്ങളുമായാണ് മിനി ടെമ്പോ എത്തിയത്. മക്കളും കൊച്ചുമക്കളും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. റോഡിനോടു ചേർന്നുള്ള അലക്കുകല്ലിലേക്ക് ലോറി മുൻഭാഗം കുത്തിനിന്നു. അടിയിൽപെട്ട ജാനുവിന്റെ കൈകൾ മുറിഞ്ഞുവീണു. തലയ്ക്കും പരിക്കേറ്റു. മണ്ണുമാന്തിയന്ത്രം എത്തിച്ച് ലോറി മാറ്റിയാണ് ജാനുവിനെ പുറത്തെടുത്തത്. ചൊക്ലി മെഡിക്കൽ സെന്ററിൽ പ്രാഥമിക ചികിത്സ നൽകി കണ്ണൂർ ചാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ കുഞ്ഞിക്കണ്ണനാണ് ജാനുവിന്റെ ഭർത്താവ്. മറ്റു മക്കൾ: രവീന്ദ്രൻ, ശ്രീമതി, സുരേന്ദ്രൻ, അനീശൻ. മരുമക്കൾ: നളിനി (സേട്ടുമുക്ക്), മുകുന്ദൻ (മേക്കുന്ന്), ഷൈജ (പുല്ലൂക്കര), അനിത (പള്ളൂർ), പരേതനായ സോമൻ (മേക്കുന്ന്). ചൊക്ലി പോലീസ് ഇൻസ്പെക്ടർ കെ വി മഹേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഡ്രൈവർ ലിജിന്റെ പേരിൽ കേസെടുത്തു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
August 25, 2025 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകളുടെ മരണാനന്തരച്ചടങ്ങിന് സാധനങ്ങളുമായി എത്തിയ പിക്കപ്പ് വാൻ മറിഞ്ഞ് വീട്ടുമുറ്റത്ത് നിന്ന അമ്മയ്ക്ക് ദാരുണാന്ത്യം