മദ്യാസക്തിയുടെ ദൂഷ്യഫലങ്ങൾ; സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 9 മരണങ്ങള്‍

Last Updated:

മദ്യാസക്തി മൂലമുണ്ടാകുന്ന മാനസിക-ശാരീരിക പ്രശ്നങ്ങൾ നിയന്ത്രിക്കാനും ശ്രദ്ധിക്കാനും ആരോഗ്യ വകുപ്പും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

കോവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗൺ കണക്കിലെടുത്ത് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേരളത്തില്‍ ബിവറേജസ് ഔട്ട് ലെറ്റുകൾ അടക്കം അടച്ചത്. ബാറുകൾ നേരത്തെ തന്നെ അടച്ചിരുന്നുവെങ്കിലും ബിവറേജസ് ഔട്ട് ലെറ്റുകൾ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. എന്നാൽ രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബിവറേജസ് ഔട്ട് ലെറ്റുകളും അടയ്ക്കുകയായിരുന്നു.
സ്ഥിരം മദ്യപിക്കുന്നവർക്ക് മദ്യം ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന മാനസിക-ശാരീരിക പ്രശ്നങ്ങൾ കണക്കിലെടുത്തായിരുന്നു സർക്കാർ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് നിയന്ത്രണങ്ങളോടെ അനുമതി നൽകിയത്. എന്നാൽ അതും അടച്ചതോടെ പ്രതീക്ഷിച്ച പോലെ തന്നെ പ്രശ്നങ്ങൾ ഉണ്ടായി.
മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള പ്രശ്നങ്ങൾ കൊണ്ട് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നായി ഒൻപത് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിൽ ആറെണ്ണം ആത്മഹത്യയാണ്. ഒരാൾ ഹൃദയാഘാതം മൂലം മരിച്ചപ്പോൾ മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കുടിച്ചതാണ് മറ്റൊരാളുടെ ജീവനെടുത്തത്.
advertisement
ഹൃദയാഘാതം:
കൊല്ലം മുഖത്തല ചെറിയേലയിൽ കിളിത്തട്ടിൽ വീട്ടിൽ മുരളി ആചാരി (62)യാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മദ്യാസക്തനായിരുന്ന മുരളി രണ്ടു ദിവസമായി അക്രമാസക്തനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെപ്രാളത്തെ തുടർന്ന് ഇന്നു പുലർച്ചെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചത്.
മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍: 
മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ചതാണ് കായംകുളം സ്വദേശിയായ നൗഫലിന് ജീവൻ നഷ്ടമാകാന്‍ ഇടയാക്കിയത്. 38കാരനായ ഇയാൾ കിണർമുക്കിലെ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു. ഷേവിംഗ് ലോഷന്‍ കുടിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥ തോന്നിയ നൗഫലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്പെഷ്യലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
advertisement
ആത്മഹത്യകള്‍
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി  ഏഴ് പേരാണ് ജീവനൊടുക്കിയത്. ഇവരെല്ലാവരും മദ്യാസക്തി പ്രകടിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
തിരുവനന്തപുരം:
നെയ്യാറ്റിൻകര ആങ്കോട് സ്വദേശി ക്യഷ്ണൻകുട്ടിയെ (65) കഴിഞ്ഞ ദിവസം ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യം കിട്ടാത്തതിനെ തുടർന്ന് ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.
കൊച്ചി:
രണ്ട് പേരാണ് കൊച്ചിയിൽ ജീവനൊടുക്കിയത്. അമ്പലമേട് സ്വദേശി മുരളി (45), നോർത്ത് പറവൂർ സ്വദേശി വാസു (36) എന്നിവരാണ് ഇവിടെ മരിച്ചത്. ഇരുവരെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
advertisement
സ്ഥിരം മദ്യപാനിയായിരുന്ന മുരളിയെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരിച്ച നിലയിൽ കണ്ടത്. അന്ന് രാവിലെ മുതല്‍ ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സമീപവാസികൾ പറയുന്നു.കൂലി പണിക്കാരനായ മുരളി വെള്ളിയാഴ്ച രാവിലെ പെരിങ്ങാലയിൽ നിന്നും നടന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള കരിമുഗളിലെ ബാറിലും പുത്തൻകുരിശ് ബെവ്‌കോ ഷോപ്പിനു മുന്നിലുമെത്തി മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു.
ഉച്ച കഴിഞ്ഞ് തിരിച്ചെത്തി ആയ്യൂർവേദ കടകളിലെത്തി അരിഷ്ടം ചോദിച്ചെങ്കിലും കൊടുക്കാൻ ആരും തയ്യാറായില്ല. വൈകിട്ട് ഇയാളെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
advertisement
നോർത്ത് പരവൂർ കൈതാരം സ്വദേശി വാസുവിനെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ‌ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ ഇയാൾ മദ്യം ലഭിക്കാത്തതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു.
കണ്ണൂർ:
അഞ്ചരക്കണ്ടി സ്വദേശി വിജിൽ (28) കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. മദ്യം ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ഇയാളെ രാവിലെ 10 മണിയോടെ വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.
കൊല്ലം:
ജില്ലയിൽ വ്യത്യസ്ത ഇടങ്ങളിലായി രണ്ട് യുവാക്കളാണ് ജീവനൊടുക്കിയത്. കുണ്ടറ പാമ്പുറം സ്വദേശി സുരേഷ്, കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശി ബിജു വിശ്വനാഥൻ എന്നിവരാണ് ആത്മഹത്യ ചെയ്ത്.
advertisement
തൂങ്ങിമരിച്ച നിലയിലായിരുന്നു സുരേഷ്. കാൻസർ രോഗിയായ ഇയാൾ മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്. കൂട്ടിക്കട സ്വദേശിയായ ബിജുവും സമാന കാരണം കൊണ്ട് തന്നെയാണ് ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്. ഇയാൾ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥനാണ്.
തൃശ്ശൂർ:
കുന്നംകുളം തവനൂർ സ്വദേശി സനോജിനെ (38) വെള്ളിയാഴ്ച പുലർച്ചയോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്
സർക്കാര്‍ ഇടപെടൽ
മദ്യാസക്തി മൂലം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സർക്കാർ ഇടപെടല്‍ ഉണ്ടായിരുന്നു. മദ്യാസക്തി പ്രകടിപ്പിക്കുന്നവർക്ക് ഡോക്ടറുടെ നിർദേശ പ്രകാരം മദ്യം ലഭ്യമാക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചത്.
advertisement
മദ്യാസക്തി മൂലമുണ്ടാകുന്ന മാനസിക-ശാരീരിക പ്രശ്നങ്ങൾ നിയന്ത്രിക്കാനും ശ്രദ്ധിക്കാനും ആരോഗ്യ വകുപ്പും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെ ഇവർക്കായി ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
*ശ്രദ്ധിക്കുക !!! ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും.. ബന്ധപ്പെട്ട ഏത് സഹായത്തിനും ആരോഗ്യ വകുപ്പിന്റെ ദിശ നമ്പരിലേക്കോ (1056, 0471 2552056) ജില്ല മാനസികാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍മാരുടെ നമ്പരുകളിലേക്കോ വിളിക്കാവുന്നതാണ്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യാസക്തിയുടെ ദൂഷ്യഫലങ്ങൾ; സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 9 മരണങ്ങള്‍
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement