'തിരുവോണദിവസം പട്ടിണിയിരിക്കുന്ന കർഷകർക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്'; മന്ത്രിമാരെ വേദിയിലിരുത്തി ജയസൂര്യ
- Published by:Sarika KP
- news18-malayalam
Last Updated:
കൃഷിമന്ത്രി പി പ്രസാദ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവരെ വേദിയിലിരുത്തിയാണ് ജയസൂര്യയുടെ പരാമർശം.
കളമശേരി: കൃഷിമന്ത്രി പി പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് നടൻ ജയസൂര്യ. സപ്ലൈകോയിൽ നെല്ല് നൽകിയ കർഷർക്ക് ഇതുവരെ പണം നൽകിയിട്ടില്ലെന്നും തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുകയാണെന്നും ജയസൂര്യ പറഞ്ഞു. ഈ കാര്യം അധികാരികളുടെ കണ്ണിലേക്ക് എത്തിക്കാൻ വേണ്ടിയാണെന്നും അവർക്ക് വേണ്ടിയാണ് താൻ ഇവിടെ സംസാരിക്കുന്നതെന്നും ജയസൂര്യ കൂട്ടിച്ചേർത്തു. കളമശേരി കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ.
പുതിയ തലമുറയിലുള്ള ചെറുപ്പക്കാർ കൃഷിയിലേക്ക് മടിക്കുന്നത് അവരുടെ മാതാപിതാക്കളുടെ അവസ്ഥ കണ്ടാണെന്നും ഇതിനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വലിയ നടപടി ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു .
ജയസൂര്യയുടെ വാക്കുകൾ
കർഷകരുടെ സഹായം ഒരു ദിവസം മൂന്ന് നേരം വെച്ച് വേണം എന്നത് നമ്മൾ അനുഭവിച്ചറിയുന്ന കാര്യമാണ്. അവരുടെ സഹായമില്ലാതെ നമുക്ക് ഒരു ദിനം കടന്നുപോകാൻ കഴിയില്ല. എന്‍റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. നടനാണ്. കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തി. അഞ്ച്, ആറ് മാസമായി അദ്ദേഹത്തിന് സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ട്. തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുകയാണ്. ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ കർഷകർ അവർക്കായി തിരവോണ ദിവസം പട്ടിണിയിരിക്കുകയാണ്. ഉപവാസം എടുക്കുന്നത് കാര്യം നടത്തിത്തരുന്നതിന് വേണ്ടി മാത്രമല്ല, അധികാരികളുടെ കണ്ണിലേക്ക് ഇതെത്തിക്കാൻ വേണ്ടിയിട്ടാണ്. അവർക്ക് വേണ്ടിയാണ് ഞാൻ ഇവിടെ സംസാരിക്കുന്നത്.
advertisement
പുതിയ തലമുറയിലുള്ള ചെറുപ്പക്കാർക്ക് ഷർട്ടിൽ ചെളി പുരളുന്നതിൽ ഇഷ്ടമല്ല എന്നാണ് മന്ത്രി പറഞ്ഞത്. എനിക്ക് പറയാനുള്ളത്, തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് എങ്ങനെയാണ് സർ ഇതിലേക്ക് വീണ്ടും ഒരു തലമുറ വരുന്നത്. ഒരിക്കലും വരില്ല. കാരണം, അവർ ആഗ്രഹിക്കുന്നത് അവരുടെ കാര്യങ്ങളെല്ലാം നല്ല രീതിയിൽ നടന്നു പോകുന്ന, ഒരു കൃഷിക്കാരനാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയന്നതിൽ തന്റെ അച്ഛനും അമ്മയും ഉണ്ട് എന്നത് ഒരുദാഹരണമായി കാണിക്കാനുണ്ടാകുമ്പോഴാണ്, ഒരു പുതിയ തലമുറ കൃഷിയിലേക്ക് എത്തുന്നത്. അപ്പോൾ അതിനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വലിയ നടപടി ഉണ്ടാകണമെന്ന് എനിക്ക് അഭ്യർത്ഥിക്കാനുണ്ട്.
advertisement
നമ്മൾ പച്ചക്കറികൾ കഴിക്കുന്നില്ല എന്നാണ് അദ്ദേഹം രണ്ടാമത് പറഞ്ഞത്. ഇന്നത്തെ സ്ഥിതിവെച്ച് പച്ചക്കറികൾ കഴിക്കാൻ തന്നെ നമുക്ക് പേടിയാണ് സർ. വിഷമടിച്ച പച്ചക്കറികളാണ് അന്യ സംസ്ഥാനത്ത് നിന്ന് ഇവിടെ വന്നുകൊണ്ടിരിക്കുന്നത്. ഞാൻ പാലക്കാട് ഒരു സ്ഥലത്ത് അരി മില്ലിൽ പോവുകയുണ്ടായി. അവിടെ ഞാൻ കാണാത്ത ബ്രാൻഡ് ആയിരുന്നു. ഈ ബ്രാൻഡ് ഇവിടെ കണ്ടിട്ടില്ലല്ലോ എന്ന് ഞാൻ ചോദിച്ചപ്പോൾ അതിവിടെ വിൽപ്പനയ്ക്കില്ല എന്നാണ് അവർ പറഞ്ഞത്. കാരണം ചോദിച്ചപ്പോൾ, ഇത് പുറത്തേക്കുള്ള ഫസ്റ്റ് ക്വാളിറ്റി അരിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതെന്താ കേരളത്തിലുള്ള നമുക്കാർക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതിയില്ലേ? നമ്മൾ പൈസ കൊടുത്ത് അത് വാങ്ങിക്കില്ലെ? അദ്ദേഹം പറയുന്നത് കേരളത്തിൽ ക്വാളിറ്റി ചെക്കിംഗ് ഇല്ല എന്നാണ്. എന്തെങ്കിലും കൊടുത്താൽ മതി. ക്വാളിറ്റി ചെക്കിംഗ് ഇല്ലാതെ വിടും.
advertisement
വിഷപ്പച്ചക്കറികളും സെക്കൻഡ് ക്വാളിറ്റി, തേർഡ് ക്വാളിറ്റി പച്ചക്കറികളും അരിയും കഴിക്കേണ്ട ഗതികേട് വരികയാണ് നമുക്ക്. ഇവിടെ കോടികളുടെ പദ്ധതികളൊക്കെ വരുന്നെന്ന് പറഞ്ഞു. അതിൽ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്നയാളുകളാണ് നമ്മൾ. പക്ഷെ, ക്വാളിറ്റി ചെക്കിങ്ങിന് വേണ്ടിയുള്ള അടിസ്ഥാന കാര്യമാണ് ആദ്യമിവിടെ വരേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയാണെങ്കിൽ വെഷപ്പച്ചക്കറികൾ കഴിക്കാതെ ക്വാളിറ്റിയുള്ള ഭക്ഷണം നമുക്കിവിടെ കഴിക്കാൻ സാധിക്കും.
മന്ത്രി തെറ്റുദ്ധരിക്കരുത്, ഒരു ഓർമ്മപ്പെടുത്തലെന്നപോലെ താൻ പറഞ്ഞതിനെ കണണമെന്നും ജയസൂര്യ പറഞ്ഞു. വേദിക്ക് പുറത്ത് സ്വകാര്യമായി ഇതു പറയുമ്പോൾ അദ്ദേഹം കേൾക്കുന്ന പ്രശ്നങ്ങളിൽ ഒന്നുമാത്രമായി ഇത് മാറും. ഒരു വേദിയിൽ ഇത്രയും പേരുടെ മുന്നിൽ വച്ച് പറയുമ്പോൾ അതിനെ സീരിയസായി എടുക്കുമെന്നത് കൊണ്ടാണ് കർഷകരുടെ പ്രതിനിധിയായി താൻ സംസാരിച്ചത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 30, 2023 8:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തിരുവോണദിവസം പട്ടിണിയിരിക്കുന്ന കർഷകർക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്'; മന്ത്രിമാരെ വേദിയിലിരുത്തി ജയസൂര്യ