കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടർന്നുണ്ടായ പുക അണയ്ക്കാൻ വ്യോമസേനയുടെ ഹെലികോപ്ടറുകളും. ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം സ്പ്രേ ചെയ്ത് പുക ശമിപ്പിക്കാനാണ് പദ്ധതി. ഇതിനായുള്ള പ്രവർത്തനങ്ങൾ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. വ്യോമസേനയുടെ സൊലൂര്‍ സ്‌റ്റേഷനില്‍ നിന്നുളള ഹെലികോപ്ടറുകളാണ് മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുക.
തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ കഴിഞ്ഞെങ്കിലും മാലിന്യത്തിന്റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. ഇത് ശമിപ്പിക്കുന്നതിന് നാലു മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
Also Read- കൊച്ചി ബ്രഹ്മപുരം തീപിടുത്തം; സ്കൂളുകൾക്ക് ചൊവ്വാഴ്ച്ച അവധി
നിലവില്‍ 30 ഫയര്‍ ടെന്‍ഡറുകളും 125 അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് സേവനരംഗത്തുള്ളത്. ഒരു മിനിറ്റില്‍ 60,000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതിനു പുറമേ നേവിയുടെ എയര്‍ ഡ്രോപ്പിംഗ് ഓപ്പറേഷനും നടക്കുന്നുണ്ട്. നേവിയുടെ ഓപ്പറേഷന്‍ ചൊവ്വാഴ്ചയും തുടരും.
Also Read- ബ്രഹ്മപുരം: ഏഴാം ക്ലാസിനു മുകളിലെ കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ? എറണാകുളം കളക്ടറോട് സോഷ്യൽ മീഡിയ
കഴിഞ്ഞ നാലു ദിവസമായി തീയണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. ഇതിനായി ചൊവ്വാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമെത്തി ബ്രഹ്‌മപുരത്ത് ക്യാംപ് ചെയ്ത് ജീവനക്കാരുടെ വൈദ്യപരിശോധന നടത്തും.
വായുവിന്റെ ഗുണനിലവാരവുമായി ബന്ധപ്പട്ട് ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വാല്യു കുറഞ്ഞു വരുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് വൈറ്റില സ്റ്റേഷനില്‍ 146, എലൂര്‍ സ്റ്റേഷനില്‍ 92 മാണ് പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ തോത് കാണിക്കുന്നത്. നിലവില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി ശ്വാസകോശ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു. തിങ്കളാഴ്ച (06-03-2023) രാത്രിയും പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.