പ്രകൃതി സംരക്ഷണത്തിന് 'തപോവന' മാതൃക; മുതുകുളത്തെ മുത്തശി ദേവകിയമ്മയ്ക്ക് പത്മശ്രീ
- Published by:Nandu Krishnan
- news18-malayalam
Last Updated:
91-ാം വയസിലും പ്രകൃതിയെ ചേർത്തു പിടിക്കുന്ന ദേവകി അമ്മയ്ക്ക് ലഭിച്ച പുരസ്കാരം എല്ലാ മലയാളികൾക്കും അഭിമാനമായിരിക്കുകയാണ്
പ്രകൃതി സംരക്ഷണത്തിന്റെ ഉദാത്ത മാതൃക സമ്മാനിച്ച ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ. 91-ാം വയസിലും പ്രകൃതിയെ ചേർത്തു പിടിക്കുന്ന ദേവകി അമ്മയ്ക്ക് ലഭിച്ച പുരസ്കാരം എല്ലാ മലയാളികൾക്കും അഭിമാനമായിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളം എന്ന ഗ്രാമത്തിലാണ് അഞ്ച് ഏക്കറിലായി പരന്നു കിടക്കുന്ന ദേവകി അമ്മയുടെ 'തപോവനം'. പച്ചപ്പും മരങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളുമുള്ള വനം ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കൊല്ലക്കയിൽ ദേവകി അമ്മയും കുടുംബവും ചേർന്ന് നട്ടുപിടിപ്പിച്ച ഈ ഹരിതസമൃദ്ധി ഇന്ന് മൂവായിരത്തിലധികം മരങ്ങൾ നിറഞ്ഞ ഒരു കൊച്ചു വനമായി മാറിയിരിക്കുന്നു.
തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ എൻവയൺമെൻറ് എൻജിനീയറിങ് വകുപ്പ് മേധാവിയായി വിരമിച്ച മകൾ തങ്കമണിയും വന പരിപാലനത്തിൽ ദേവകിയമ്മയ്ക്കൊപ്പമുണ്ട്. ജോലിയിൽനിന്നു വിരമിച്ചതോടെ തങ്കമണിയും തൈകൾ പരിപാലിച്ചും ഏതുനേരവും അമ്മക്കൊപ്പമുണ്ട്.
1980-ൽ ഉണ്ടായ ഒരു വാഹനാപകടമാണ് ദേവകി അമ്മയുടെ ജീവിതത്തെ മാറ്റിമറിച്ചത്.മൂന്ന് വർഷത്തോളം കിടപ്പിലായിരുന്ന അവർക്ക് പിന്നീട് പഴയതുപോലെ നെൽവയലുകളിൽ പോയി കൃഷി ചെയ്യാൻ സാധിച്ചില്ല. എന്നാൽ മനക്കരുത്ത് കൈവിടാതെ അവർ വീടിനോട് ചേർന്നുള്ള സ്ഥലത്ത് മരങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചു. മരങ്ങൾക്ക് മാത്രമേ നശിച്ചുകൊണ്ടിരിക്കുന്ന ഈ ഗ്രഹത്തെ രക്ഷിക്കാൻ കഴിയൂ എന്ന വലിയ പാഠം തന്റെ ജീവിത പങ്കാളിയായിരുന്ന അധ്യാപകൻ ഗോപാലകൃഷ്ണ പിള്ളയിൽ നിന്നാണ് അവർ പഠിച്ചത്. യാത്രകൾ കഴിഞ്ഞ് മടങ്ങുമ്പോൾ പുതിയ മരങ്ങളുടെയും ചെടികളുടെയും തൈകളും വിത്തുകളും അദ്ദേഹം കരുതുമായിരുന്നു. അവ നട്ടു പിടിപ്പിക്കുന്നത് ഭർത്താവിന്റെ മരണശേഷവും ദേവകി അമ്മ തുടരുകയായിരുന്നു.
advertisement
നാൽപ്പത് വർഷത്തെ കഠിനാധ്വാനം കൊണ്ടാണ് ദേവകിയമ്മ വനം വളർത്തിയെടുത്തത്. തേക്ക്, മഹാഗണി തുടങ്ങിയ വലിയ മരങ്ങൾ മുതൽ കൃഷ്ണനാൽ, കായമ്പൂ തുടങ്ങിയ പുരാണ പ്രസിദ്ധമായ സസ്യങ്ങളും ലക്ഷ്മി തരു, അങ്കോലം തുടങ്ങിയ ഔഷധസസ്യങ്ങളും ഇവിടെ സമൃദ്ധമായി വളരുന്നു. മഴ പെയ്താൽ പോലും വെള്ളം നേരിട്ട് മണ്ണിൽ വീഴാത്ത വിധം മരങ്ങൾ തഴച്ചുവളരുന്ന ഈ വനം അമുർ ഫാൽക്കണുകൾ , ബ്ലൂത്രോട്ടുകൾ , കറുത്ത ചിറകുള്ള സ്റ്റിൽറ്റുകൾ , പാരഡൈസ് ഫ്ലൈകാച്ചറുകൾ , മരതക പ്രാവുകൾ തുടങ്ങിയ അപൂർവ്വ പക്ഷികളുടെയും മൃഗങ്ങളുടെയും പ്രധാന സങ്കേതമാണ്.
advertisement
പരിസ്ഥിതി സംരക്ഷണത്തിനായി ദേവകി അമ്മ നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം അവരെ പലപ്പോഴായി ആദരിച്ചിട്ടുണ്ട്. 2018-ൽ രാഷ്ട്രപതിയിൽ നിന്ന് ലഭിച്ച വനിതകൾക്കായുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ നാരി ശക്തി പുരസ്കാരം ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കേന്ദ്ര സർക്കാരിന്റെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, കേരള സർക്കാരിന്റെ വനമിത്ര അവാർഡ്, സ്വദേശി സയൻസ് കോൺഗ്രസ് നൽകിയ ഭൂമിമിത്ര പുരസ്കാരം എന്നിവയും ദേവകി അമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. തന്റെ പരിമിതികളെ അതിജീവിച്ച് വരുംതലമുറയ്ക്കായി ഒരു വനം കാത്തുവെച്ച ഈ മുത്തശ്ശി ലോകത്തിന് തന്നെ വലിയൊരു പാഠമാണ് നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 25, 2026 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രകൃതി സംരക്ഷണത്തിന് 'തപോവന' മാതൃക; മുതുകുളത്തെ മുത്തശി ദേവകിയമ്മയ്ക്ക് പത്മശ്രീ









