കൊച്ചി: സീറോ മലബാർ സഭാ ഭൂമിയിടപാടിൽ എറണാകുളം അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ്. നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്നും ആദായ നികുതി വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
ഭൂമിയിടപാടിൽ വൻ നികുതി വെട്ടിപ്പ് നടന്നിരിക്കുന്നു എന്ന് കണ്ടെത്തി. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചടയ്ക്കുന്നതിനു പകരം രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഈ ഭൂമിയിടപാടിന് ചിലവാക്കിയ പണത്തിനും കൃത്യമായി രേഖകളില്ല.
ഭൂമിയിടപാടിന്റെ ഇടനിലക്കാരനെ പരിചയപ്പെടുത്തിയത് കർദിനാളെന്ന് മുൻ പ്രൊക്യുറേറ്റർ ഫാദർ ജോഷി പുതുവ മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. സഭയുടെ കോട്ടപ്പടിയിലെ ഭൂമി മറിച്ചുവിൽക്കാൻ ചെന്നൈയിൽ നിന്നുളള ഇടപാടുകാരെ കർദിനാൾ നേരിട്ട് കണ്ടെന്നും ഫാദർ ജോഷി പുതുവ.
മൂന്നാറിലെ ഭൂമിയിടപാടിന്‍റെ വരുമാന സ്ത്രോതസ്സ് എവിടെ നിന്ന് എന്നും കൃത്യമായി പറയാനാകുന്നില്ലെന്നും, ഭൂമി മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയൽ എസ്റ്റേറ്റ് ഇടപാടിലാണ് സഭാ നേതൃത്വം പങ്കാളികളായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതിരൂപതയുടെ അക്കൗണ്ടിൽ നിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകൾ നടത്തിയത്. ഒപ്പം യഥാർഥ വില മറച്ചുവെയ്ക്കുകയും ചെയ്തു. പിന്നീട് ഈ ഭൂമി പ്ലോട്ടുകളായി വിറ്റു. ഈ ഇടപാടുകളിലും യഥാർഥ വിലയല്ല രേഖകളിൽ കാണിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
മാർ ജോർജ്ജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്കോടതി ഉത്തരവ്. തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് കർദിനാൾ മുൻപ് നൽകിയ ഹർജി സെഷൻസ് കോടതി തള്ളിയിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നുമാണ് കേസ്. ഭൂമി ഇടപാടിൽ തനിക്കെതിരായ എട്ടു കേസുകളും റദ്ദാക്കണം എന്നും കർദ്ദിനാൾ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .
ഒരിടവേളയ്ക്ക് ശേഷം സഭാ ഭൂമിയിടപ ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്. ഭൂമിയിടപാട് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടും അടുത്തിടെ പുറത്തു വന്നിരുന്നു . ഇതും കർദിനാളിന് എതിരായിരുന്നു.
Summary: Income Tax Department charged a fine of Rs 3.5 crores on Angamaly Archdiocese for the involvement in land scam
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.