കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
രോഗ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം വൈദ്യപരിശോധനയ്ക്ക് വിധേയരാകുക
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ല.
ഇതോടെ കോഴിക്കോട് ജില്ലയിൽ ഇതുവരെ ചികിത്സയിലുള്ളവരുടെ എണ്ണം ആറും മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പതിന്നാലും ആയിരിക്കുകയാണ്.
അമീബിക് മസ്തിഷ്ക ജ്വരം എന്നാലെന്ത്?
കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല ശ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ അപൂർവമായി വരുന്ന രോഗമാണിത്. നേഗ്ളേറിയ ഫൌലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. നിലവിൽ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ കുറവാണ്.രോഗകാരി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യ ശരീത്തിൽ പ്രവേശിച്ച് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്നു. ഒഴുക്കില്ലാത്ത ജലത്തിലാണ് രോഗകാരി പൊതുവെ കാണപ്പെടുന്നത്. ഈ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ല.
advertisement
ലക്ഷണങ്ങൾ
രോഗാണു പ്രവേശിച്ച് 1 മുതൽ 9 ദിവങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തീവ്രമായ തലവേദന, പനി, ഓക്കാനം, ചർദ്ദിഎന്നവയാണ് ആദ്യ ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിൽ അപസ്മാരം, ബോധക്ഷയം , ഓർമ്മക്കുറവ് തുടങ്ങിയവയും സംഭവിക്കും. നട്ടെല്ലിൽ നിന്ന് സ്രവം കുത്തിയെടുത്താണ് രോഗ നിർണയം നടത്തുന്നത്.
പ്രതിരോധം
കെട്ടിക്കിടക്കുന്ന വെള്ളത്തിലെയും നീർച്ചാലുകളിലെയും കുളി ഒഴിവാക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗത്തെ പ്രതിരോധിക്കാം.രോഗ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം വൈദ്യപരിശോധനയ്ക്ക് വിധേയരാകുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
August 28, 2025 11:13 AM IST