അപ്പോഴേക്കും പിണങ്ങിയോ? ആന്റണി രാജു സുധീർ കരമനയുടെ പ്രചാരണത്തിനില്ല; വോട്ടഭ്യർഥന ഫേസ്ബുക്കിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
സ്ഥാനാർഥിയായ സുധീർ കരമനയുമായി ഇതുവരെ കൂടിക്കാഴ്ച നടത്താൻ പോലും ആന്റണി രാജു തയ്യാറായിട്ടില്ല
തിരുവനന്തപുരം: തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം ചൂടുപിടിക്കുമ്പോഴും എൽഡിഎഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മുൻ മന്ത്രി ആന്റണി രാജുവിന്റെ വിട്ടുനിൽക്കൽ. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ കൂടിയായ ആന്റണി രാജു പ്രചാരണ രംഗത്ത് സജീവമാകാത്തത് ഇടത് മുന്നണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
സ്ഥാനാർഥിയായി എത്തിയ സുധീർ കരമനയ്ക്കായി നേരിട്ട് വോട്ട് ചോദിക്കാൻ ഇതുവരെയും ആന്റണി രാജു ഇറങ്ങിയിട്ടില്ല. സുധീർ കരമനയെ സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനമെടുത്തത് തന്നോട് ആലോചിക്കാതെയാണെന്ന പരാതി ആന്റണി രാജുവിനും അദ്ദേഹത്തിന്റെ പാർട്ടിയായ ജനാധിപത്യ കേരള കോൺഗ്രസിനുമുണ്ട്. താൻ നിർദേശിച്ച ആളെ പരിഗണിക്കാത്തതിലുള്ള പ്രതിഷേധമായാണ് ഈ വിട്ടുനിൽക്കലെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ വിലയിരുത്തൽ. തൊണ്ടിമുതൽ കേസിലെ നിയമതടസ്സങ്ങൾ മൂലമാണ് ഇത്തവണ ആന്റണി രാജുവിന് ഇത്തവണ മത്സരിക്കാൻ കഴിയാതെ വന്നത്.
സിപിഎം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ സുധീർ കരമനയ്ക്കായി ആന്റണി രാജു വോട്ട് അഭ്യർഥിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടെങ്കിലും, നേരിട്ടുള്ള പ്രചാരണ പരിപാടികളിലോ യോഗങ്ങളിലോ അദ്ദേഹം പങ്കെടുക്കുന്നില്ല. യുഡിഎഫ് സ്ഥാനാർഥി സി.പി. ജോണും ബിജെപി സ്ഥാനാർഥിയും മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ സിറ്റിങ് എംഎൽഎയുടെ അസാന്നിധ്യം വോട്ടർമാർക്കിടയിൽ എൽഡിഎഫ് ഒറ്റക്കെട്ടല്ല എന്ന തോന്നൽ ഉണ്ടാക്കാൻ ഇടയാക്കിയിട്ടുണ്ട്.
advertisement
സ്ഥാനാർഥിയായ സുധീർ കരമനയുമായി ഇതുവരെ കൂടിക്കാഴ്ച നടത്താൻ പോലും ആന്റണി രാജു തയ്യാറായിട്ടില്ല. എന്നാൽ 'ധാർമികമായ കാരണങ്ങളാലാണ്' താൻ മാറിനിൽക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതികരണം. അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ആന്റണി രാജുവിനെ അനുനയിപ്പിച്ച് തിരികെ പ്രചാരണരംഗത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ ഇടത് മുന്നണി നേതൃത്വം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 25, 2026 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അപ്പോഴേക്കും പിണങ്ങിയോ? ആന്റണി രാജു സുധീർ കരമനയുടെ പ്രചാരണത്തിനില്ല; വോട്ടഭ്യർഥന ഫേസ്ബുക്കിൽ









