അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം സിതാര എസ് ന്

Last Updated:

11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം

News18
News18
തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനാറാമത് അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച സിതാര എസ് ന്റെ അമ്ലം എന്ന പുസ്തകം അർഹമായി. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വൈശാഖൻ ചെയർമാനും, ഡോ. എൻ. ആർ. ഗ്രാമപ്രകാശ്, കെ.ഗിരീഷ്കുമാർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.
പരമ്പരാഗതമായ പെണ്ണെഴുത്തിൻ്റെ പാതകളിൽ നിന്ന് വ്യത്യസ്തമായി പ്രണയവും പകയും പ്രതികാരവും ഉറഞ്ഞുകൂടി ശിലാസമാനരായി പോയ മനുഷ്യരെ കഥയുടെ കേന്ദ്രത്തിൽ കുടിയിരുത്തിയ കഥാകാരിയാണ് സിതാര എസ്. മനുഷ്യമനസ്സിൻ്റെ നിഗൂഢലോകങ്ങളിലൂടെയും ആഭിചാരതുല്യമായ മനോവിചാരങ്ങളിലൂടെയും അനായാസം സഞ്ചരിക്കുന്ന ഈ കഥാകാരി, സ്ത്രീപക്ഷമെന്നാൽ മനുഷ്യപക്ഷം തന്നെയെന്ന് തൻ്റെ കഥകളിലൂടെ സാക്ഷാത്ക്കരിക്കുന്നു.
പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും പരിക്കു പറ്റുമെന്ന് അറിയാമായിരുന്നിട്ടും പ്രണയത്തിൻ്റെ ഇരുവാൾത്തലയ്ക്ക് കഴുത്ത് നീട്ടിക്കൊടുക്കുന്ന നായികമാരെയാണ് അമ്ലം എന്ന സമാഹാരത്തിലെ കഥകളിൽ നാം കാണുന്നത്. മരണത്തിൻ്റെ നിഴൽ വിരിക്കാത്ത ഒരു പ്രണയാനുഭവവും ഈ കഥകളിൽ നിന്ന് കണ്ടെടുക്കാനാവില്ല. പുസ്തകത്തിൻ്റെ പേര് സൂചിപ്പിക്കുംപോലെ പൊള്ളുന്ന പ്രണയലോകത്തിലൂടെയുള്ള ആത്മബലിയായി ഈ കഥകൾ അനുഭവപ്പെടുന്നു.
advertisement
“ നാസർ മരിച്ച് പതിനഞ്ചാം ദിവസമാണ് അടുത്തമാസം ചെല്ലാമെന്നേറ്റ കവിതാപരിപാടിയെക്കുറിച്ച് ഹമീദയ്ക്ക് ഓർമ്മവന്നത്.. “ എന്ന് തുടങ്ങുന്ന ആദ്യകഥ മുതൽ “ വളരെ പഴയൊരു സുഹൃത്ത് ആത്മഹത്യ ചെയ്തു എന്ന് ഇന്ന് ഞാൻ സ്വപ്നം കണ്ടു” എന്ന് തുടങ്ങുന്ന അവസാനകഥ വരെ മരണം ഈ കഥകളുടെ പശ്ചാത്തലാനുഭവമാകുന്നു.
അടിച്ചേൽപ്പിക്കപ്പെടുന്ന പല തരം മറകളിൽ നിന്ന് പുറത്തിറങ്ങാനാവാത്ത, അല്പം ചില സന്ദർഭങ്ങളിൽ മാത്രം അതിന് സാധ്യമാവുന്ന ഈ കഥകളിലെ സ്ത്രീകൾ ശരീരത്തിൽ മാത്രമല്ല മനസ്സിലും ചതിയുടെ അമ്ലാഭിഷേകം ഏറ്റുവാങ്ങിയവരാണ്. എങ്കിലും, ഇരുട്ടിനു ശേഷം വരുന്ന വെളിച്ചത്തെ സ്വപ്നം കാണാനുളള ഊർജ്ജം അവരുടെ ചേതനയെ സദാ ജാഗരൂകമാക്കുന്നു.
advertisement
മലയാളചെറുകഥയുടെ ആകാശങ്ങളെ ദീപ്തവും വിശാലവുമാക്കിയ സി.വി ശ്രീരാമന്‍ എന്ന വലിയ എഴുത്തുകാരന്റെ പേരിലുള്ള അയനം- സി.വി ശ്രീരാമന്‍ പുരസ്‌ക്കാരത്തിനായി 'അമ്ലം' എന്ന കഥാസമാഹാരം തെരഞ്ഞെടുക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു. 2025 ഒക്ടോബർ 10 ഉച്ചയ്ക്ക് 2 മണിക്ക് കോ-ഓപ്പറേറ്റിവ് കോളേജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പുരസ്കാരം സമർപ്പിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം സിതാര എസ് ന്
Next Article
advertisement
തിരുവനന്തപുരം കോർപറേഷൻ സിപിഎം കൗൺസിലർ രാജിവച്ചു; നടപടി കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നതിനേത്തുടർന്ന്
തിരുവനന്തപുരം കോർപറേഷൻ സിപിഎം കൗൺസിലർ രാജിവച്ചു; നടപടി കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നതിനേത്തുടർന്ന്
  • മുട്ടത്തറ കൗൺസിലർ ബി. രാജേന്ദ്രൻ കൈക്കൂലി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാജിവച്ചു.

  • സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു.

  • കൈക്കൂലി വിവാദത്തിൽ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്ന് നേതാവ് വി വി രാജേഷ്.

View All
advertisement