കണ്ണൂര്‍: സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും ഉടൻ തുറക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. ലോക് ഡൗണില്‍ കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. എല്ലാം തുറക്കുമ്പോള്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകളും തുറക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കള്ളുവിതരണം ചെയ്യുന്നതു പോലെ പാര്‍സല്‍ സംവിധാനം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും
കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കശുമാവില്‍ നിന്നും മദ്യം ഉല്‍പാദിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കശുവണ്ടിക്ക് മാത്രമല്ല കശുമാങ്ങയ്ക്കും വില കിട്ടുന്ന സാഹചര്യമുണ്ടാകുന്നത് ഗുണപരമായ കാര്യമാണ്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കാര്‍ഷിക ഫലങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് സാമ്പത്തികമായി സഹായകരമാകുമെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 77,350 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അഞ്ച് വര്‍ഷം കൊണ്ട് കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് 40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം. വി.ഗോവിന്ദന്‍ പറഞ്ഞു.
കെ പി സി സി അധ്യക്ഷൻ കെ. സുധാകരന്‍ നിയമസഭയില്‍ വന്നപ്പോള്‍ അഭിവാദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. കെ സുധാകരനെ അഭിവാദ്യം ചെയ്തത് മനുഷ്യത്വപരമായ സമീപനം മാത്രമാണെന്നും രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ വ്യക്തിപരമായ ബന്ധങ്ങളില്‍ കാണിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സുധാകരന്‍ അധ്യക്ഷ പദവിയിലേക്ക് വന്നതുകൊണ്ട് കോണ്‍ഗ്രസ് പഴയ നിലയിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും നയം മാറ്റാത്തതാണ് കോണ്‍ഗ്രസിന്‍റെ അപചയത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോഴും കുത്തകകളെ സഹായിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്ന നയങ്ങളാണ് കോണ്‍ഗ്രസ് തുടരുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. അതിൽ മാറ്റം വരുത്താത്തിടത്തോളം കാലം കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും മന്ത്രി ചുണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിട്ട് മിണ്ടാത്തത് ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ശൈലിയുള്ളതു കൊണ്ടാണെന്നും തനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bars in Kerala, Bevco outlet, BevQ App, Liquor sale, ബാറുകൾ തുറക്കും, ബെവ്ക്യൂ ആപ്പ്, മദ്യ വിൽപന