ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സർക്കാർ അന്വേഷിക്കില്ല; മുഖ്യമന്ത്രി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കേന്ദ്ര അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തു നിന്ന് അന്വേഷണം വേണമോയെന്ന് പരിശോധിക്കും.
തിരുവനന്തപുരം: ബെംഗളൂരു ലഹരിമരുന്നു കേസിൽ നിലവിലെ സാഹചര്യത്തിൽ കേരള പൊലീസ് അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സർക്കാർ അന്വേഷിക്കില്ല. കേന്ദ്ര അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തു നിന്ന് അന്വേഷണം വേണമോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലഹരി കടത്ത് കേസ് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബെംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് ആരോപണമുന്നയിച്ചത്. ലഹരിക്കടത്തിന് അറസ്റ്റിലായ സീരിയൽ താരം അനിഖയ്‌ക്കൊപ്പം ഉണ്ടായിരുന്ന മലയാളികളായ മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമായാണ് ബിനീഷ് കോടിയേരിക്ക് ബന്ധമുള്ളത്. ഇത് സംബന്ധിച്ച് ആൻ്റി നാർകോട്ടിക്ക് വിഭാഗത്തിന് ഇവർ മൊഴിനൽകിയിട്ടുണ്ട്. കേരളത്തിലെ ചിലസിനിമാ താരങ്ങൾക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു.
advertisement
യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനം വഴിയാണ് തനിക്ക് നാല് കോടി രൂപ കമ്മീഷന്‍ ലഭിച്ചതെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ ഉടമകളിലൊരാളായ അബ്ദുല്‍ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നും ഫിറോസ് ആരോപിച്ചു. ലത്തീഫിന്റെ സഹോദരന്റെ വാഹനമാണ് ബിനീഷ് തിരുവനന്തപുരത്ത് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തുള്ളവര്‍ക്കെല്ലാം ഇക്കാര്യം അറിയാം. സ്വര്‍ണ്ണക്കള്ളക്കടത്തുമായും ബിനീഷിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നുംഫിറോസ് ആവശ്യപ്പെട്ടു.
ഇതിനിടെ ബിനീഷ് കോടിയേരി ഡയറക്ടറായി ബെംഗളൂരുവില്‍ തുടങ്ങിയ രണ്ടു കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ കോശി ജേക്കബ് പരാതി നൽകി. കേന്ദ്ര ധനകാര്യ സെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും ആണ് പരാതി നല്‍കിയത്.
advertisement
ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറെക്സ് ട്രേഡിങ് എന്നീ രണ്ടു കമ്പനികളാണ് ബെംഗളൂരു ആസ്ഥാനമായി റജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്പനികളുടെ അംഗീകാരം കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 05, 2020 10:34 PM IST