കോഴിക്കോട്: ബാംഗ്ലൂര് മയക്കുമരുന്ന് കേസില് ബിനീഷ് കോടിയേരിക്കെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ ഫിറോസ്.
ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയില് 2015ല് ബാംഗ്ലൂരില് മണി എക്സ്ചേഞ്ച് സ്ഥാപനം തുടങ്ങിയെന്ന രേഖകള് പുറത്തുവിട്ടാണ് പുതിയ ആരോപണം.
ഗോവയില് വിദേശികള്ക്ക് മയക്കുമരുന്ന് വില്പ്പന നടത്തിയെന്ന് പിടിയിലായ അനൂപ് മുഹമ്മദ് മൊഴി നല്കിയിട്ടുണ്ട്. വിദേശികളില് നിന്ന് ലഭിക്കുന്ന കറന്സി മാറാനാണ് ബിനീഷ് ഈ സ്ഥാപനം തുടങ്ങിയതെന്നും ഇക്കാര്യത്തില് എന്ഫോഴ്സമെന്റ് അന്വേഷണം നടത്തണമെന്നും
ഫിറോസ് ആരോപിച്ചു.
തിരുവനന്തപുരത്തെ യു.എ.എഫ്.എക്സ് സൊല്യൂഷന്സ് എന്ന സ്ഥാപനം വഴിയാണ് തനിക്ക് നാല് കോടി രൂപ കമ്മീഷന് ലഭിച്ചതെന്ന് സ്വപ്ന സുരേഷ് മൊഴി നല്കിയിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ ഉടമകളിലൊരാളായ അബ്ദുല് ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണ്.
ലത്തീഫിന്റെ സഹോദരന്റെ വാഹനമാണ് ബിനീഷ് തിരുവനന്തപുരത്ത് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തുള്ളവര്ക്കെല്ലാം ഇക്കാര്യം അറിയാം. സ്വര്ണ്ണക്കള്ളക്കടത്തുമായും ബിനീഷിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നുംഫിറോസ് ആവശ്യപ്പെട്ടു.
ബാംഗ്ലൂരില് സര്ക്കാറിനെ താഴെയിറക്കാന്
മയക്കുമരുന്ന് ലോബിയുടെ സഹായമുണ്ടായിട്ടുണ്ടെന്ന എച്ച്.ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മയക്കുമരുന്ന് സംഘത്തോട്
ബി.ജെ.പിക്ക് താല്പര്യമുണ്ട്. അതുകൊണ്ട് കൃത്യമായ അന്വേഷണം നടക്കുമോയെന്ന് ഉറപ്പില്ല.
കേരളത്തിലേക്ക് അന്വേഷണം നീളാതിരിക്കുന്നത് ഈ ബന്ധം കാരണമാണ്. ബി.ജെ.പി ഒപ്പ് വിവാദമുണ്ടാക്കിയത് പോലും മയക്കുമരുന്ന് കേസില് നിന്ന് ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കുന്നതായും ഫിറോസ് ആരോപിച്ചു.
നേരത്തെ കുമരകത്ത് ബിനീഷ് കോടിയേരിക്കൊപ്പം മയക്കുമരുന്ന് സംഘം നിശാപാര്ട്ടി നടത്തിയതിന്റെ ഫോട്ടോയടക്കമുള്ള തെളിവുകള് പി.കെ ഫിറോസ് പുറത്ത് വിട്ടിരുന്നു.
അനൂപ് മുഹമ്മദിനെ സാമ്പത്തികമായി സഹായിക്കാനായി ബിനീഷ് ബാംഗ്ലൂരില് പണമിടപാട് സ്ഥാപനം തുടങ്ങിയതിന്റെ രേഖകളും ഫിറോസ് പുറത്തുവിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.