കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനിറങ്ങാന്‍ അനുയായികളെ ആഹ്വാനം ചെയ്ത് കൊണ്ടുള്ള സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പ്രസ്ഥാവന അദ്ദേഹത്തിന്റെ പ്രായശ്ചിത്തമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്. ആത്മാക്കള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ പി. ജയരാജന്‍ തന്നെയാണ്. കാരണം ഒരുപാട് പേരെ കാലപുരിക്കയക്കുന്നതിന് നേതൃത്വം കൊടുത്തയാളാണ് ജയരാജന്‍. വൈകിയാണെങ്കിലും അദ്ദേഹം നടത്തിയ ഏറ്റുപറച്ചില്‍ പൊതുസമൂഹത്തോടുള്ള പ്രായശ്ചിത്തമായി തന്നെ കാണണം, എൻ ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.
"നേരത്തെ ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും സംഘടിപ്പിച്ചയാളാണ് പി. ജയരാജന്‍. രാഷ്ട്രീയ സ്വയംസേവക സംഘത്തെ അനുകരിച്ച് ശാഖയും റൂട്ട് മാര്‍ച്ചും സംഘടിപ്പിച്ചു. എന്നാല്‍ ഇതെല്ലാം ഒരു വര്‍ഷം കൊണ്ട് തന്നെ ജയരാജനും അനുയായികളും നിര്‍ത്തിയിരുന്നു. അതു കൊണ്ട് തന്നെ പിതൃതര്‍പ്പണം നടത്താനുള്ള തീരുമാനം ജയരാജന്‍ തന്നെ മുന്‍കയ്യെടുത്ത് എല്ലാ വര്‍ഷവും മുടങ്ങാതെ നടത്തണം. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേവലം ആവേശത്തിന്റെ പുറത്ത് നടത്തിയ പ്രസ്താവനയ്ക്കപ്പുറം ജയരാജന്‍ തന്നെ മുന്‍കയ്യെടുത്ത് ബലിതര്‍പ്പണച്ചടങ്ങുകള്‍ ചെയ്യാന്‍ തയ്യാറാകണം. " ഹരിദാസ് പറഞ്ഞു.
വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി കാലങ്ങളായി ആത്മാക്കള്‍ക്ക് ബലിതര്‍പ്പണം നടത്തുന്ന പാരമ്പര്യമാണ് ഭാരതത്തിന്റേത്. എന്നാല്‍ പിതൃക്കളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടി കൂടിയാണ് ജയരാജന്റേത്. ആളുകള്‍ മരണമടഞ്ഞാലും തെരഞ്ഞെടുപ്പുകളില്‍ മുടങ്ങാതെ അവരുടെ വോട്ട് ചെയ്യുന്ന പാരമ്പര്യം അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്.
Also Read- 'കർക്കടകവാവ്; ഭീകരമുഖം മറച്ച് വെക്കാൻ സേവനത്തിന്റെ മുഖംമൂടി അണിയുന്നവർക്ക് മാത്രമായി വിട്ടുകൊടുക്കരുത്'; പി.ജയരാജൻമരിച്ച് മണ്ണടിഞ്ഞാലും ജയരാജന്റെ പാര്‍ട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അത്തരത്തിലുള്ളവര്‍ കുടുംബ സമേതം തന്നെ എത്തി വോട്ട് ചെയ്ത് പരലോകത്തേക്ക് മടങ്ങിപ്പോകാറുണ്ട്. അത്തരത്തിലുള്ള പിതൃക്കളുടെ വോട്ട് ചെയ്യാനുള്ള അവകാശം സംരക്ഷിക്കുന്ന ജയരാജനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ബലിതര്‍പ്പണം കൂടി ചെയ്യാന്‍ തയ്യാറായത് പ്രായശ്ചിത്തം തന്നെയാണെന്നും ഹരിദാസ് പറഞ്ഞു.
"മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാലങ്ങളായി അണികള്‍ക്ക് മുന്നില്‍ വെച്ച വൈരുദ്ധ്യാത്മിക ഭൗതികവാദം വെറും പൊള്ളയാണെന്ന ഏറ്റുപറച്ചില്‍ കൂടിയാണ് ജയരാജന്റെ ആഹ്വാനം. കമ്മ്യൂണിസം നശിച്ചുവെന്ന ബോധ്യമാണ് പി. ജയരാജന്റെ വിളിച്ച് പറയലിന് പിന്നില്‍. ഭാരതീയമായ സംസ്‌കാരത്തെ മുറുകെ പിടിച്ച് മാത്രമേ മുന്നോട്ട് പോകാനാകു എന്ന ഏറ്റുപറച്ചില്‍ കൂടി അതിന് പിന്നിലുണ്ട്.
അണികളോട് ഭൗതികവാദം പറയുകയും ഉള്ളില്‍ ആദ്ധ്യാത്മികത കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരു മാര്‍ക്‌സിസ്റ്റ് നേതാവിന്റെ ഏറ്റുപറച്ചില്‍ കൂടിയാണ് ജയരാജന്‍ നടത്തിയതെന്ന് ഹരിദാസ് വ്യക്തമാക്കി.
ജയരാജന്റെ നിലപാട് പൊതു സമൂഹത്തില്‍ ചര്‍ച്ചയായിട്ടും ലോകത്തിലെ എല്ലാ കാര്യങ്ങളിലും നിലപാട് വ്യക്തമാക്കുന്ന സിപിഎം നേതൃത്വം കാണിക്കുന്ന മൗനം സംശയാസ്പദമാണ്. അതൊകൊണ്ട് തന്നെ സിപിഎം നേതൃത്വത്തിന്റെ നിലപാടറിയാന്‍ പൊതു സമൂഹത്തിന് താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി ജയരാജന്റെ നിലപാടിൽ സിപിഎമ്മിലെ മറ്റ് പ്രധാന നേതാക്കളുടെ പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും കാര്യമായ രാഷ്ട്രീയ ചർച്ചകൾക്കാണ് പ്രതികരണം വഴിവെച്ചിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.