കൊച്ചി: വാഹനാപകടത്തിനു ശേഷം സർക്കിൾ ഇൻസ്പക്ടർ സഞ്ചരിച്ച വാഹനം നിർത്താതെ പോയെന്ന പരാതിയിൽ ഒടുവില്‍ പൊലീസ് കേസെടുത്തു. പ്രതി ‘അജ്ഞാതൻ’ എന്ന് രേഖപ്പെടുത്തിയാണ് തോപ്പുംപടി പൊലീസ് കേസെടുത്തത്. വാഹന നമ്പര്‍ മാത്രമേ എഫ് ഐ.ആറില്‍ രേഖപെടുത്തിയിട്ടുള്ളൂ.
അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മട്ടാഞ്ചേരി സ്വദേശി വിമല്‍ നൽകിയ പരാതിയിൽ പൊലീസ് നടപടികള്‍ വൈകുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കടവന്ത്ര സി.ഐ. മനുരാജാണ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം വാഹനം നിര്‍ത്താതെ പോയത്. മനുരാജിനെ കേസില്‍ നിന്ന് ഒഴിവാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
Also Read- കൊച്ചിയിൽ പോലീസുകാരന്റെ കാര്‍ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചു; അപകടം കണ്ടിട്ടും നിറുത്താതെ പോയി
ശനിയാഴ്ച്ച രാത്രിയാണ് എറണാകുളം ഹാര്‍ബര്‍ പാലത്തില്‍ വെച്ച് സിഐ സഞ്ചരിച്ച കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം ബൈക്ക് യാത്രക്കാരനെ തിരിഞ്ഞുപോലും നോക്കാതെ പോക്കുകയായിരുന്നു. ശേഷം കാർ രണ്ടുകിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ ഭാഗത്താണ് നിറുത്തിയത്. ശരീരമാസകലം പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചോരയിൽ കുളിച്ച് റോഡിൽ കിടന്ന ഇയാളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവം വിവാദമായതോടെയാണ് വിമലിന്റെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.