കൊച്ചി: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിൽ നേരിട്ട് ബന്ധമില്ലെന്ന സർക്കാർ വാദം അടിസ്ഥാനരഹിതമാണെന്നാണ് സിബിഐയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സർക്കാറിന് പദ്ധതിയുമായി ബന്ധമില്ലെങ്കിൽ സർക്കാരിൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എങ്ങനെ ഫ്ലാറ്റ് നിർമ്മിക്കുമെന്ന് അന്വേഷണ റിപ്പോർട്ടിൽ സിബിഐ സൂചിപ്പിക്കുന്നു.
ലൈഫ് മിഷൻ സിഇ ഒ സർക്കാരിൻറെ പ്രതിനിധിയാണെന്നും എഫ്‌ഐആറിൽ പരാമർശിക്കുന്നുണ്ട്..
സിബിഐ ഏറ്റെടുത്തിട്ടുള്ള കേസിൽ ഒന്നാംപ്രതി യുണിടെക് ഉടമ സന്തോഷ് ഈപ്പനും രണ്ടാംപ്രതി സെയ്ൻ വെഞ്ചേഴ്സുമാണ്. കേസിൽ മൂന്നാം പ്രതിയായാണ് ലൈഫ് മിഷനെ പ്രതി ചേർത്തിട്ടുള്ളത്. ലൈഫ് മിഷന്റെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ എസി മൊയ്തീനുമാണ്. കേസുമായി ബന്ധപ്പെട്ട് ഇവരുടെ ഓഫീസിൽ നിന്നും സിബിഐ വിവരങ്ങൾ ശേഖരിക്കും.
റെഡ് ക്രസൻറ് വഴി യൂണിടാക്കിന് ലഭ്യമായ പണം, ഫണ്ട് വിനിയോഗം കരാർ ലഭിക്കാൻ യൂണിടെക്ക് നൽകിയ കമ്മീഷൻ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും
സിബിഐ അന്വേഷണ പരിധിയിൽ വരിക. കമ്മീഷൻ ആയി ഒരു കോടി രൂപ ലഭിച്ചു എന്ന് സ്വപ്ന സുരേഷ് നേരത്തെ എൻഫോഴ്‌സ്മെന്‍റ് മുൻപാകെ മൊഴി നൽകിയിരുന്നു. പണം നൽകിയതായി യൂണിടെക്ക് എംഡി സന്തോഷ് ഈപ്പനും സമ്മതിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സി ഇ ഒ യു വി ജോസ് , യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ എന്നിവർക്കു പുറമേ സ്വപ്ന സുരേഷിനെയും സിബിഐ ചോദ്യം ചെയ്യും. കൊച്ചിയിലെ യൂണിടാക്കിന്റെ ഓഫീസിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ ചില രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.