നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കുറ്റിപ്പുറം പാലത്തിനടിയിൽ സൈനികായുധങ്ങൾ; ദുരൂഹതയുടെ ചുരുളഴിക്കുമോ സിബിഐ

  കുറ്റിപ്പുറം പാലത്തിനടിയിൽ സൈനികായുധങ്ങൾ; ദുരൂഹതയുടെ ചുരുളഴിക്കുമോ സിബിഐ

  സംഭവത്തിന് ശേഷം ഒന്നരവർഷം പിന്നിട്ടപ്പോഴാണ് കഴിഞ്ഞ ജൂലൈയിൽ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്.

  • News18
  • Last Updated :
  • Share this:
   #സുർജിത്ത് അയ്യപ്പത്ത്

   2018 ജനുവരി നാലിനാണ് കുറ്റിപ്പുറം പാലത്തിനടിയിൽ ദുരൂഹസാഹചര്യത്തിൽ ചില വസ്തുക്കൾ കാണപ്പെട്ടുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്താനായത് ഞെട്ടലുളവാക്കുന്ന വസ്തുതകളായിരുന്നു. വൻനാശത്തിന് ശേഷിയുള്ള 5 ക്ലേമോർ മൈനുകൾ, മൈനുകൾ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ആറ് പൾസ് ജനറേറ്ററുകൾ, ഇവയെ ബന്ധിപ്പിക്കുന്ന കേബിളുകൾ, ഗ്രനേഡുകൾ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ട്യൂബ് ലോഞ്ചറുകൾ, സെൽഫ് ലോഡിംഗ് റൈഫിളുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ. പാലത്തിന്‍റെ അ‍ഞ്ചാം തൂണിനടുത്തുള്ള വെള്ളക്കെട്ടിന് അടുത്തായിരുന്നു ഇവയെല്ലാം കാണപ്പെട്ടത്. ചാക്കിൽ നിറച്ച നിലയിലായിരുന്നു വെടിയുണ്ടകൾ.

   പിന്നീട് നടത്തിയ പരിശോധനയിലാണ് ഇവ സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്നവയാണെന്ന കണ്ടെത്തലുണ്ടായത്. വീണ്ടും പാലത്തിനടിയിലെ മണൽ നീക്കി പരിശോധന നടന്നു. ചതുപ്പിൽ സൈനികവാഹനങ്ങൾ താഴ്ന്ന് പോകാതിരിക്കാനുള്ള ഷീൽഡുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്താനായി. ഇത്രയും ആയുധങ്ങൾ എങ്ങനെയെത്തിയന്ന കൊണ്ടുപിടിച്ച അന്വേഷണമായിരുന്നു മലപ്പുറം പൊലീസിന്‍റെ നേതൃത്വത്തിൽ പിന്നീട് നടന്നത്.

   മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ആയുധ നിർമാണശാലയിൽ നിന്നുള്ളതായിരുന്നു കണ്ടത്തിയ ആയുധങ്ങളെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. 2001ലാണ് ഇവ നിർമ്മിച്ചത്. പുൽഗാവ്, പൂനെ എന്നിവിടങ്ങളിലെ ഡിപ്പോകളിലേക്ക് കൈമാറിയ ആയുധങ്ങളായിരുന്നു പാലത്തിനടിയിൽ കണ്ടെത്തിയത്. ഇത് ഏതു വിധത്തിൽ കുറ്റിപ്പുറത്ത് എത്തിയെന്ന അന്വേഷണത്തിന്‍റെ ഭാഗമായി മലപ്പുറം ഡിസിആർബി ഡി വൈ എസ് പി ജയ്സൺ കെ എബ്രാഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലെത്തി അന്വേഷണം നടത്തി. മഹാരാഷ്ട്രയിലെ രണ്ട് ആയുധഫാക്ടറികളിലും വിവരങ്ങൾ തേടിയെങ്കിലും സൈന്യത്തിന്‍റെ ഭാഗത്തു നിന്നുണ്ടായത് നിസഹകരണമാണ്.

   ഇത് തിരൂർ ഡി വൈ എസ് പിയുടെ അന്വേഷണറിപ്പോർട്ടിലും തൃശൂർ റേഞ്ച് ഐജിയുടെ റഫറൻസ് റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആയുധവുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിക്കാൻ സൈന്യം അനുവാദം നൽകിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപി രണ്ട് തവണ സൈന്യത്തിന് കത്തയച്ചു. ഇതിന് മാസങ്ങൾക്ക് ശേഷമാണ് മറുപടി കിട്ടിയത്. പൊലീസ് ആവശ്യപ്പെട്ട രേഖകൾ പഴയതാണെന്നും ഡിജിറ്റൽ രേഖകളില്ലാത്തിനാൽ ഇവ ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നുമായിരുന്നു മറുപടി. ഇതിനിടെ മലപ്പുറത്ത് സൈനിക ഇന്‍റലിജൻസ് വിഭാഗം വിവരശേഖരണം നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

   സംഭവത്തിന് ശേഷം ഒന്നരവർഷം പിന്നിട്ടപ്പോഴാണ് കഴിഞ്ഞ ജൂലൈയിൽ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള കേസ് ആയതിനാൽ ദേശീയ അന്വേഷണ ഏജൻസിയോ സിബിഐയോ അന്വേഷിക്കണമെന്ന പൊലീസ് ആവശ്യത്തെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. പൂനയിലെയും പുൽഗാവിലെയും ഡിപ്പോകളിൽ ആണ് പൊലീസ് അന്വേഷണം എത്തി നിൽക്കുന്നത്. അതിനപ്പുറത്തക്കുള്ള വിവരങ്ങളൊന്നും സൈന്യത്തിൽ നിന്നും പൊലീസിന് ലഭിച്ചിട്ടില്ല.

   ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആരംഭിക്കുക ഡിപ്പോകളിൽ നിന്നും ഏത് സൈനിക വിഭാഗത്തിനും യൂണിറ്റുകൾക്കുമാണ് ആയുധങ്ങൾ കൈമാറിയത് എന്നതിനെ കേന്ദ്രീകരിച്ചായിരിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സംഭവത്തിന്‍റെ കുരുക്കഴിക്കാൻ സിബിഐക്കാവുമോ, അതിനെത്രനാൾ വേണ്ടിവരും എന്നതാണ് ഉയരുന്ന ചോദ്യം.

   First published: