• HOME
  • »
  • NEWS
  • »
  • kerala
  • »
  • Brahmapuram fire | 'ബ്രഹ്മപുരം തീയണയ്ക്കാൻ വിശ്രമരഹിതമായ പ്രവർത്തനത്തിൽ പങ്കാളികളായവർക്ക്‌ അഭിനന്ദനം' മുഖ്യമന്ത്രി

Brahmapuram fire | 'ബ്രഹ്മപുരം തീയണയ്ക്കാൻ വിശ്രമരഹിതമായ പ്രവർത്തനത്തിൽ പങ്കാളികളായവർക്ക്‌ അഭിനന്ദനം' മുഖ്യമന്ത്രി

തീയുടെ 95 ശതമാനവും ഇതിനകം കെടുത്തിയെന്ന് അടുത്തിടെ ചുമതലയെടുത്ത എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിരുന്നു

  • Share this:

    കൊച്ചി ബ്രഹ്മപുരം (Brahmapuram) മാലിന്യക്കൂമ്പാരത്തിലെ തീയണയ്ക്കാൻ അഹോരാത്രം പ്രയത്നിച്ചവർക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോയവാരത്തിന്റെ അവസാനം വന്ന റിപ്പോർട്ട് പ്രകാരം ബ്രഹ്മപുരത്ത് 170 ഫയർമാൻമാർ, 32 എക്‌സ്‌കവേറ്റർ ഓപ്പറേറ്റർമാർ, 11 നേവി ഉദ്യോഗസ്ഥർ, നാല് സിയാൽ ഉദ്യോഗസ്ഥർ, ബിപിസിഎല്ലിൽ നിന്നുള്ള ആറ് പേർ, 71 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, 30 സിറ്റി കോർപ്പറേഷൻ ജീവനക്കാർ, 20 ഹോം ഗാർഡുകൾ എന്നിവർ തീയണക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരുന്നു.

    Also read: ‘ശ്വസിക്കാൻ കേരളത്തിലേക്ക് വരേണ്ട സ്ഥിതി, കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223’; മന്ത്രി എം.ബി. രാജേഷ്

    ‘ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ ആൻഡ് റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്‍റിനേയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍., സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി. ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും ആവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുന്നതുമാണ്,’ മുഖ്യമന്ത്രി കുറിച്ചു.

    തീയുടെ 95 ശതമാനവും ഇതിനകം കെടുത്തിയെന്ന് അടുത്തിടെ ചുമതലയെടുത്ത എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അവകാശപ്പെടുമ്പോഴും, കൊച്ചിയുടെ പല ഭാഗങ്ങളിലും രൂക്ഷമായ വായുമലിനീകരണം തുടരുകയാണ്. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർക്കാർ ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    നഗരത്തിൽ പുക അധികം കാണാനില്ലെങ്കിലും, പ്ലാസ്റ്റിക്കിന്റെ രൂക്ഷഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കേരള ഹൈക്കോടതി നിയോഗിച്ച സമിതി ശനിയാഴ്ച മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ചിരുന്നു. ഇതേത്തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലക് ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ചുചേർത്തു.

    സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്ന കർമപദ്ധതി സർക്കാർ പ്രഖ്യാപിച്ചിരുന്നു. 82 ദിവസം നീണ്ടുനിൽക്കുന്ന കർമപദ്ധതി പ്രകാരം സംസ്ഥാനത്ത് ജൈവ മാലിന്യങ്ങളുടെ ഉറവിടതല പരിപാലനത്തിനും അജൈവമാലിന്യങ്ങൾ വീടുവീടാന്തരം ശേഖരണത്തിനുമായി കർശനമായ നടപടികൾ സ്വീകരിക്കും.

    Published by:user_57
    First published: