'സമരത്തിനിടെ നടന്ന അക്രമം ആസൂത്രിതം' - കെ എസ് യുവിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
Last Updated:
സംഘർഷത്തിൽ പത്തോളം കെ എസ് യു പ്രവർത്തകർക്കും അഞ്ച് പൊലീസുകാർക്കും പരിക്കേറ്റതായാണ് വിവരം.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പിൽ നടന്ന കെ എസ് യു സമരത്തിനിടെ ഉണ്ടായ അക്രമം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസുകാർ എന്തു തെറ്റു ചെയ്തെന്നും ജോലി ചെയ്യുന്ന പൊലീസുകാർക്ക് നേരെയാണ് അക്രമം ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ആസൂത്രണം ചെയ്ത് അക്രമം നടത്തുകയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.
'പൊലീസിനെ വളഞ്ഞിട്ടു മർദ്ദിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത് അറിയാതെ സംഭവിക്കുന്നതല്ല. വളഞ്ഞിട്ടു തല്ലുമ്പോൾ പൊലീസ് അതിനെതിരെ സ്വാഭാവികമായും പ്രതികരിക്കും. എന്നാൽ, തങ്ങളുടെ സഹപ്രവർത്തകരെ വളഞ്ഞിട്ടു മർദ്ദിക്കുന്നത് കണ്ടിട്ടും പൊലീസ് സംയമനം പാലിച്ചു' - മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം ആസൂത്രിത ആക്രമണം നടത്തിയത് ജനങ്ങൾക്ക് ഉപകാര പ്രദമായ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മറച്ചു വെക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ്. അക്രമത്തിന്റെ ഉദ്ദേശ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്. ഒരു തരം അഴിഞ്ഞാട്ടമാണ് ഇന്ന് നടന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന മറ്റൊരു സമരക്കാരെയും കെ എസ് യു പ്രവർത്തകർ ആക്രമിച്ചെന്നും അവരുടെ മൺപാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞെന്നും മുഖ്യമന്ത്രി ആരോപിച്ചു.
advertisement
നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെ എസ് യു നടത്തിയ മാർച്ചിൽ ആയിരുന്നു സംഘർഷം ഉണ്ടായത്. കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സെക്രട്ടേറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു.
advertisement
കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് ഉൾപ്പെടെയുള്ള പ്രവർത്തകരാണ് മാർച്ചിന് എത്തിയത്. അഭിജിത്തിനും സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിനും അടക്കം പരിക്കേറ്റു. പൊലീസിന്റെ ലാത്തിച്ചാർജിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇതിനിടെ ഒറ്റപ്പെട്ടു പോയ പൊലീസുകാരെ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.
സംഘർഷത്തിൽ പത്തോളം കെ എസ് യു പ്രവർത്തകർക്കും അഞ്ച് പൊലീസുകാർക്കും പരിക്കേറ്റതായാണ് വിവരം. മാർച്ച് അക്രമാസക്തമായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്ക് എത്തി. ഇതോടെ കൂടുതൽ സംഘർഷഭരിതമാകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 18, 2021 11:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സമരത്തിനിടെ നടന്ന അക്രമം ആസൂത്രിതം' - കെ എസ് യുവിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ


