കൊച്ചിയിൽ പീഡനത്തിനിരയായ ആറു വയസുകാരി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അമ്മയുടെ മൊഴി വീണ്ടുമെടുക്കും
- Published by:Sneha Reghu
- news18-malayalam
Last Updated:
ജനുവരി 15-നാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്
കൊച്ചി: എളമക്കരയിൽ ആലപ്പുഴ സ്വദേശിയായ യുവാവ് മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ, കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടിയെ പീഡിപ്പിച്ചത് പിതാവ് തന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പാക്കുന്നതിനായി ശേഖരിച്ച സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. ഈ പരിശോധനാ ഫലം കേസന്വേഷണത്തിൽ അതീവ നിർണ്ണായകമാകും.
അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഇവർ നേരത്തെ നൽകിയ മൊഴി. ഇതു കൂടാതെ, കുട്ടിയുടെ പിതാവിനെക്കുറിച്ചും കുടുംബ പശ്ചാത്തലത്തെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്തുന്നതിനായി ബന്ധുക്കളുടെയും കുട്ടി പഠിച്ചിരുന്ന സ്‌കൂൾ അധികൃതരുടെയും മൊഴികൾ ശേഖരിച്ചുവരികയാണ്. എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി പോണേക്കരയിലെ വാടകവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. യുവാവ് ജോലിക്ക് പോകാത്തതിനെത്തുടർന്നുള്ള സാമ്പത്തിക പ്രയാസങ്ങൾ കാരണം ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിൽ മനംനൊന്ത് "താനും മകളും പോവുകയാണെന്ന്" ഭാര്യക്ക് സന്ദേശമയച്ച ശേഷമാണ് ഇയാൾ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയത്. ജനുവരി 15-നാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണ കുടുംബകലഹമെന്ന് കരുതിയ കേസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പീഡനവിവരം പുറത്തുവന്നതോടെ പോക്‌സോ (POCSO) കേസ് ആയി മാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 17, 2026 8:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ പീഡനത്തിനിരയായ ആറു വയസുകാരി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അമ്മയുടെ മൊഴി വീണ്ടുമെടുക്കും










