ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അനർഹർ കൈപ്പറ്റുന്നത് തടയുവാൻ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
ഓപ്പറേഷൻ സിഎംഡിആർഎഫ്’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനർഹർ പണംതട്ടുന്നത് കണ്ടെത്താൻ കളക്ടറേറ്റുകളിലെ ബന്ധപ്പെട്ട വിഭാഗങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഏജന്‍റുമാരും ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് നടത്തുന്നത് വൻതട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തി.
ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിലുള്ള വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചാണ് ഏജന്‍റുമാർ തട്ടിപ്പ് നടത്തുന്നത്. മിന്നൽ പരിശോധനക്ക് എസ് പി ഇ എസ് ബിജുമോൻ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 23, 2023 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അനർഹർ കൈപ്പറ്റുന്നത് തടയുവാൻ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി