ആലപ്പുഴ; വിജിലൻസിലും ബിജെപിക്കാരാണെന്ന ആരോപണത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. വിജിലൻസിലും ബിജെപിക്കാരാണെന്നാണ് പറയുന്നതെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചിട്ട് മൂന്നു മാസത്തേക്ക് ആ സ്ഥാനം തന്നെ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന് സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ സഹായിക്കാനാണ് വിജിലൻസിലെ ചിലർ കെഎസ്എഫ്ഇയിൽ റെയ്ഡ് നടത്തിയതെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.
ധനവകുപ്പിലെ അഴിമതികളെല്ലാം മന്ത്രി തോമസ് ഐസക് ഇടപെട്ട് അട്ടിമറിക്കുകയാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. ദേശീയ അന്വേഷണ ഏജൻസികളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ട്രഷറിയിൽനിന്ന് കോടികണക്കിന് രൂപ തട്ടിയെടുത്തവരെ സംരക്ഷിക്കുകയാണ് തോമസ് ഐസക് ചെയ്യുന്നത്. ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
കെഎസ്എഫ്ഇ ചിട്ടി തട്ടിപ്പിന്‍റെ കാര്യത്തിൽ ഇതേ നിലപാടാണ് ധനമന്ത്രി സ്വീകരിക്കുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാത്തിലും വലിയ അഴിമതായണ് നടക്കുന്നത്. ഇതെല്ലാം പിടിക്കപ്പെടുമെന്ന വേവലാതിയാണ് തോമസ് ഐസക്കിനെ വേട്ടയാടുന്നത്. അഴിമതിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും മത്സരിക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
ധനമന്ത്രിയും മുഖ്യമന്ത്രിയും പരസ്പരം കുരുക്കാൻ ശ്രമിക്കുകയാണ്. കേന്ദ്ര ഏജൻസികൾക്ക് വിവരം ചോർത്തി നൽകുന്നത് ഐസക്കാണെന്ന് മുഖ്യമന്ത്രി സംശയിക്കുന്നു. ഇതിനുള്ള പക തീർക്കാനാണ് മുഖ്യമന്ത്രി വിജിലൻസിനെ ഉപയോഗിച്ച് ധനവകുപ്പിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്. കള്ളി വെളിച്ചത്തായപ്പോൾ പരസ്പരം പാരവെക്കുകയാണ് ധനമന്ത്രിയും മുഖ്യമന്ത്രിയുമെന്ന് തോമസ് ഐസക് പറയുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.