തിരുവനന്തപുരം: ചിന്ത ജെറോം യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാകുന്നു. രണ്ടു ടേം പൂർത്തിയാക്കിയതിനാലാണ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ചിന്ത ജെറോം അധ്യക്ഷസ്ഥാനം ഒഴിയുന്നത്. ചിന്തയുടെ പിൻഗാമിയായി ഡിവൈഎഫ്ഐയുടെ മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം. ഷാജർ യുവജന കമ്മീഷൻ അധ്യക്ഷനാകും. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എം ഷാജറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഡിവൈഎഫ്ഐയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണു ഷാജർ. മൂന്നു വർഷമാണു കമ്മീഷൻ അധ്യക്ഷന്റെ കാലാവധി.
ആദ്യ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 2016ലാണ് ചിന്ത ജെറോം യുവജനകമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. സർക്കാരിന്റെ അവസാനകാലത്ത് ചിന്തയ്ക്ക് വീണ്ടും നിയമനം നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറിന് ചിന്ത ജെറോം രണ്ടാം ടേം പൂർത്തിയായി. പുതിയ അധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയുള്ളതുകൊണ്ടാണ് ചിന്ത ഫെബ്രുവരിക്കു ശേഷം സ്ഥാനത്ത് തുടർന്നത്.
യുവജനകമ്മീഷൻ അധ്യക്ഷസ്ഥാനത്ത് ഇരിക്കുമ്പോൾ നിരവധി വിവാദങ്ങൾ ചിന്ത അകപ്പെട്ടിരുന്നു. പിഎച്ച്ഡി പ്രബന്ധത്തിലെ പിശകും 17 മാസത്തെ ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിലെ വിശദീകരണം പാളിയതുമൊക്കെ വലിയ വിവാദമായരുന്നു. ലഹരിവിരുദ്ധ പ്രചാരണം, ജില്ലാതല അദാലത്തുകൾ, തൊഴിൽമേളകൾ, ജോബ് പോർട്ടൽ തുടങ്ങിയവ നേട്ടമായി കാണുന്നുവെന്ന് ചിന്ത മനോരമയോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chintha Jerome