കേന്ദ്രം എന്തു ചെയ്തു? പമ്പയിൽ ഒഴുകുന്നത് തീട്ടക്കണ്ടിയല്ലേ എന്ന സുകുമാരൻ നായരുടെ ചോദ്യത്തിന് മറുപടിയോ 30 കോടിയുടെ ക്ലീൻ പമ്പ
- Published by:Rajesh V
- news18-malayalam
Last Updated:
എൻഎസ്എസിന്റെ വിമർശനത്തിന് പിന്നാലെ പമ്പാനദിയെ മാലിന്യമുക്തമാക്കുന്നതിനുള്ള ബജറ്റ് പ്രഖ്യാപനം ഹൈന്ദവ വോട്ടുകൾ ലക്ഷ്യമിട്ടാണെന്ന് ഒരു വിഭാഗം കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെയുള്ള സർക്കാർ പ്രഖ്യാപനത്തിൽ രാഷ്ട്രീയം കാണുന്നവരാണ് ഏറെയും
തിരുവനന്തപുരം: പമ്പാനദിയുടെ ശോച്യാവസ്ഥയെ കുറിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പൊട്ടിത്തെറിച്ചത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. പരിപാവനമായ പമ്പാ നദി മലിനമായാണ് ഒഴുകുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്തെന്നുമായിരുന്നു എൻഎസ്എസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സുകുമാരൻ നായർ ചോദിച്ചത്. ഇത് വലിയ ചർച്ചയായി മാറിയിരുന്നു. ഇതിനു പിന്നാലെ പമ്പാ നദിയെ മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ.
സുകുമാരൻ നായരുടെ വിമർശനം
'അവിടെ വിമാനം ഇറക്കുമെന്നും തീവണ്ടി ഇറക്കുമെന്നും പറഞ്ഞു. എവിടെ തീവണ്ടിയും വിമാനവുമൊക്കെ? വടക്കേ ഇന്ത്യയിലെ നദികളൊക്കെ ശുദ്ധിയാക്കി. പരിപാവനമായ പമ്പാ നദിയിലൂടെ തീട്ടക്കണ്ടിയല്ലേ ഒഴുകുന്നത്… അതില്‍ മുങ്ങിയല്ലേ അയ്യപ്പന്‍മാര്‍ പോകുന്നത്? പത്തര വര്‍ഷം ആയല്ലോ കേന്ദ്ര ഭരിച്ചിട്ട്, എന്ത് ചെയ്തു? ഇവര്‍ ശ്രമം നടത്തുന്നുണ്ടെങ്കില്‍ നമ്മള്‍ സഹകരിച്ചേക്കാം' - സുകുമാരൻ നായര്‍ പറഞ്ഞു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ വാദഗതികൾ ഉയർന്നുവന്നിരുന്നു. പമ്പാനദിയെ മാലിന്യമുക്തമാക്കുന്ന ജോലി കേന്ദ്ര സർക്കാരിന്റേതാണോ, അതോ സംസ്ഥാന സർക്കാരിന്റേതാണോ എന്നതടക്കം ചർച്ചകൾ സമൂഹമാധ്യമങ്ങളിലടക്കം നടന്നിരുന്നു.
advertisement
ബജറ്റ് പ്രഖ്യാപനം
ക്ലീന്‍ പമ്പ പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ 30 കോടി രൂപയാണ് നീക്കിവച്ചത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ വിഹിതവും വര്‍ധിപ്പിച്ചു. 'കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദികളിലൊന്നാണ് പമ്പ. ലോകപ്രശസ്തമായ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നതും പമ്പയുടെ തീരത്താണ്. പമ്പ നദി മാലിന്യ മുക്തമാക്കാന്‍ ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തുന്നു' - ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവയുടെ വികസനത്തിനായി ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്ക് വിഹിതം 30 കോടിയായി വര്‍ധിപ്പിക്കുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.
advertisement
ഹൈന്ദവ വോട്ടുകൾ ലക്ഷ്യമിട്ടോ?
എൻഎസ്എസിന്റെ വിമർശനത്തിന് പിന്നാലെ പമ്പാനദിയെ മാലിന്യമുക്തമാക്കുന്നതിനുള്ള ബജറ്റ് പ്രഖ്യാപനം ഹൈന്ദവ വോട്ടുകൾ ലക്ഷ്യമിട്ടാണെന്ന് ഒരു വിഭാഗം കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെയുള്ള സർക്കാർ പ്രഖ്യാപനത്തിൽ രാഷ്ട്രീയം കാണുന്നവരാണ് ഏറെയും. സുകുമാരൻനായർ ഉയർത്തിയ വിമർശനത്തിന് പിന്നാലെ, സംസ്ഥാന സർക്കാർ പോസിറ്റീവായി പ്രതികരിച്ചത്, എൻഎസ്എസിനെ പ്രീതിപ്പെടുത്താനുള്ള നീക്കമായി കാണുന്നവരുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ഹൈന്ദവ വോട്ടും ശബരിമല വിശ്വാസികളുടെ വോട്ടും തിരികെ പിടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സർക്കാർ പ്രഖ്യാപനമെന്ന് രാഷ്ട്രീയ വിദഗ്ധരും വിലയിരുത്തുന്നു. പമ്പയുടെ പ്രാധാന്യത്തെ കുറിച്ച് പറയുന്നതിനിടെ മാരാമൺ കൺവെൻഷൻ കൂടി പരാമർശിച്ചത് ക്രിസ്ത്യൻ വിഭാഗത്തിന്റെ ശ്രദ്ധകൂടി കിട്ടാനാണെന്നും വിലയിരുത്തപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 30, 2026 4:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്രം എന്തു ചെയ്തു? പമ്പയിൽ ഒഴുകുന്നത് തീട്ടക്കണ്ടിയല്ലേ എന്ന സുകുമാരൻ നായരുടെ ചോദ്യത്തിന് മറുപടിയോ 30 കോടിയുടെ ക്ലീൻ പമ്പ










