സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജോലി ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് താൽപര്യമില്ല;നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ മൂന്ന് ജില്ലകളിൽ നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥർ, ഡെപ്യൂട്ടേഷൻ വാങ്ങിയോ സ്ഥലംമാറ്റം നേടിയോ മറ്റ് ജില്ലകളിലേക്ക് പോകുകയാണ് പതിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജോലിചെയ്യാൻ സർക്കാർ ജീവനക്കാർ വിമുഖത കാട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി. എച്ച് കുഞ്ഞമ്പുവിന്‍റെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥർ, ഡെപ്യൂട്ടേഷൻ വാങ്ങിയോ സ്ഥലംമാറ്റം നേടിയോ മറ്റ് ജില്ലകളിലേക്ക് പോകുകയാണ് പതിവ്. ഇടുക്കി, കാസർഗോഡ്, വയനാട് ജില്ലകളിൽ നിയമനം ലഭിക്കുന്നവർ അവധിയിൽ പ്രവേശിക്കുന്നതും സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ മൂന്ന് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ഉണ്ടാകുന്ന ഒഴിവുകൾ യഥാസമയം നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വേണ്ടത്ര ജീവനക്കാർ ഇല്ലാത്തത് വിവിധ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നതായി നേരത്തെ സർക്കാർ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇടുക്കി, കാസർഗോഡ്, വയനാട് ജില്ലകളിൽ നിയമനം ലഭിക്കുന്നവർ നിശ്ചിത കാലയളവിൽ ജോലി ചെയ്യുന്നുവെന്ന് ഉറപ്പിക്കാൻ 2022 മാർച്ച് 14ലെ സർക്കുലർ പ്രകാരം എല്ലാ വകുപ്പ് തലവൻമാർക്കും കർശനം നിർദേശം നൽകിയതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു.
advertisement
ഓരോ പദ്ധതിയുടെയും പ്രാധാന്യം അനുസരിച്ച് കാലാവധി നിശ്ചയിച്ച് പ്രസ്തുത സമയം അവസാനിക്കുന്നതുവരെ ഉദ്യോഗസ്ഥർ ജോലിയിൽ തുടരണമെന്ന നിർദേശം ഉൾപ്പെടുത്തി നിയമന ഉത്തരവ് നൽകാൻ നിർദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ എടുത്ത നടപടികളുടെ പുതിയ വിവരം ലഭ്യമാക്കാൻ ജില്ലാ കളക്ടർമാരോടും വകുപ്പ് മേധാവിമാരോടും നിർദേശം നൽകിയതായും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
കാസർഗോഡ് ജില്ലയിൽ എഞ്ചിനീയർമാർ, ഡോക്ടർമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, വെൽഫയർ ജീവനക്കാർ ഉൾപ്പടെ വിവിധ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നവിഷയമാണ് സബ്മിഷനിലൂടെ സി എച്ച് കുഞ്ഞമ്പു അവതരിപ്പിച്ചത്. ഈ വിഷയം ചീഫ് സെക്രട്ടറിതലത്തിൽ സർവീസ് സംഘടനകളുമായി ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 08, 2023 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജോലി ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് താൽപര്യമില്ല;നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി