• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തകയോട് പുരുഷ പൊലീസ് മോശമായി പെരുമാറിയെന്നു പരാതി

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തകയോട് പുരുഷ പൊലീസ് മോശമായി പെരുമാറിയെന്നു പരാതി

പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡിജിപിക്ക് പരാതി നൽകി

  • Share this:

    കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളമശേരിയിൽ നടത്തിയ പ്രതിഷേധത്തിനിടയിൽ കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പുരുഷ പൊലീസുകാർ കയറിപ്പിടിച്ചെന്നും മോശമായി പെരുമാറിയെന്നും പരാതി. പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡിജിപിക്ക് പരാതി നൽകി.

    ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കുള്ള റോഡില്‍ കളമശേരി ഭാഗത്ത് വച്ച് അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായെത്തിയത്. പ്രവര്‍ത്തകരായ ആണ്‍കുട്ടികളെ പൊലീസുകാര്‍ പിടിച്ചുമാറ്റിയെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ മിവ ജോളിയെ അറസ്റ്റ് ചെയ്ത് നീക്കാന്‍ വൈകി. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്ഐ കോളറില്‍ കുത്തിപ്പിടിച്ച് വലിച്ചു. പിന്നീട് വനിത പൊലീസെത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിലേക്ക് കയറ്റി.

    Also Read- ‘ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും, കളി കോൺഗ്രസിനോട് വേണ്ട; മുഹമ്മദ് ഷിയാസ്

    നിയോജക മണ്ഡലം പ്രസിഡന്റ് അൻവർ ഞാക്കട, മണ്ഡലം പ്രസിഡന്റ് റസീഫ് അടമ്പയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി കാണിക്കൽ. ഇൻസ്പെക്ടർ പി ആർ സന്തോഷിന്റെ നേതൃത്വത്തിൽ ഇവരെ ബലംപ്രയോഗിച്ചു നീക്കം ചെയ്തു. 5 പേരെ പൊലീസ് കസ്റ്റഡിയി‍ൽ എടുത്തു.

    സംഭവത്തെ കുറിച്ച് ഡിസിസി പ്രസിഡന്റ് സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റ് ഇങ്ങനെ- ‘ഒരു പരിധി വിട്ടാൽ കെഎസ്‌യു പ്രവർത്തകയെ തൊട്ട കൈ അവിടെ വേണ്ട എന്നു വയ്ക്കുമെന്നും കളി കോൺഗ്രസിനോടു വേണ്ട’.

    മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരും പ്രതിഷേധമറിയിച്ചു. അങ്കമാലിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി.

    Published by:Rajesh V
    First published: