തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ മാത്രം തലയിൽ കെട്ടിവയ്ക്കാൻ ശ്രമം നടക്കുന്നതായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് തോൽവിയുടെ ഒന്നാമത്തെ ഉത്തരവാദിത്തം തനിക്കാണന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത്.
തെരഞ്ഞെടുപ്പ്കമ്മിറ്റി അധ്യക്ഷനെന്ന നിലയിൽ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞത്. അതേസമയം പഴിചാരല്‍ വേണ്ട, ഒറ്റക്കെട്ടാവണമെന്നും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാൻ ഇനിയും അവസരമുണ്ടാക്കരുത്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ബിജെപി അറിഞ്ഞു കൊണ്ട് എൽ ഡിഎഫിന് വോട്ടു മറിക്കുകയായിരുന്നുവെന്നും 60 മണ്ഡലങ്ങളിൽ എങ്ങനെ വന്നാലും എൽഡിഎഫ് ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനർ നിർണയം നടന്നതെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ അടര്‍ത്തിയെടുക്കാന്‍ ആര്‍എസ്എസ് ശ്രമിക്കും. അതില്‍ ജാഗ്രതവേണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയെ സംരക്ഷിച്ച് മുന്നോട്ടുപോകണമെന്നും തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്ന പൊതുവികാരമാണ് യോഗത്തിലുയര്‍ന്നത്.
പാർട്ടി എന്തുകൊണ്ട് തോറ്റു? കേരളത്തിൽ കോൺഗ്രസ് പരാജയപ്പെട്ടതിന്റെ കാരണങ്ങൾ
മാർച്ച് 20 ശനിയാഴ്ച. കേരളത്തിലെ മുതിർന്ന ഒരു മാധ്യമപ്രവർത്തകന് വൈകീട്ട് 6.45 ഓടെ ഒരു ഫോൺ കോൾ വന്നു. വല്ലപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ള ഒരു കോൺഗ്രസ് നേതാവായിരുന്നു ഫോണിൽ. പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിനെ നയിക്കാമോ എന്നായിരുന്നു ചോദ്യം. നിയമസഭാ തെരഞ്ഞെടുപ്പിന് 13 ദിവസം മാത്രം ബാക്കി. മാധ്യമപ്രവർത്തകൻ അൽപ്പം പരിഭ്രാന്തനായി. ആലോചിച്ചതിന് ശേഷം മാർച്ച് 22-ന് മറുപടി നൽകിയാൽ മതിയെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് ഫോൺ വച്ചു.
എന്നാൽ ആ മാധ്യമപ്രവർത്തകൻ ഉടൻതന്നെ തിരികെ വിളിച്ചു. ദൗത്യം ഏറ്റെടുക്കാൻ തനിക്ക് കഴിയില്ലെന്ന് അറിയിച്ചു. ഇത്ര ചെറിയ കാലയളവിനുള്ളിൽ ഒരു സോഷ്യൽ മീഡിയ ടീമിനെഉണ്ടാക്കിയെടുക്കുകയും കാര്യക്ഷമമായി ക്യാമ്പയിൻ നടത്തുകയും ചെയ്യുക എന്നത് അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വ്യക്തതയ്ക്ക് വേണ്ടി ആർക്കായാലും കൗതുകം തോന്നുന്ന ഒരു ചോദ്യം അദ്ദേഹം പാർട്ടി നേതാവിനോട്ചോദിച്ചു. ഇത്ര പ്രധാനപ്പെട്ട ഒരു പ്രചാരണ സംവിധാനത്തിന്റെകാര്യത്തിൽ തീരുമാനമെടുക്കാൻ അവസാന നിമിഷം വരെ കാത്തുനിന്നത്എന്തിനാണ്? ഉത്തരം പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ഈ ആവശ്യത്തെക്കുറിച്ച് പാർട്ടി നേതൃത്വം നേതാവിനെ അറിയിച്ചത് ഒരു മണിക്കൂറിന് മുമ്പ് മാത്രമായിരുന്നു.
എന്നാൽ ഇടതു പാർട്ടികളാകട്ടെ, ഇതിൽ നിന്ന് വ്യത്യസ്തമായി ഏതാനും വർഷമായി സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ സജീവമാണ്.
എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ് കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ ടീമിന്റെ തലവൻ. അദ്ദേഹം ഇത്രയും കാലം എന്ത് ചെയ്യുകയായിരുന്നു എന്നതും അദ്ദേഹത്തിന് മറ്റു രീതിയിലുള്ള പിന്തുണ ആവശ്യമാണെന്ന തിരിച്ചറിവ് ഉണ്ടാകാൻ ഇത്ര വൈകിയത് എന്താണെന്നുമുള്ള ചോദ്യമാണ് ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത കാര്യം. എത്രത്തോളം തയ്യാറെടുപ്പോടുകൂടിയാണ് കോൺഗ്രസ് കേരളത്തിലെ പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പ് അഭിമുഖീകരിച്ചത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്ഈ സംഭവം.
Also Read
ഡി.എം.കെ മന്ത്രിസഭ അധികാരമേറ്റു: നെഹ്രുവും ഗാന്ധിയും സ്റ്റാലിന്റെ കീഴിൽമേൽസൂചിപ്പിച്ച വിധത്തിലുള്ള ജഡത്വവും മെല്ലെപ്പോക്കുമാണ് മാർച്ച് 14-ന് സ്ഥാനാർത്ഥിപ്പട്ടിക പുറത്തു വിടുന്നത് വരെ എ ഐ സി സി ഹൈക്കമാൻഡിന്റെ നീക്കങ്ങളിലും പ്രകടമായിരുന്നത്. കേരളത്തിലെ നേതാക്കൾക്ക് ഒരാഴ്ചക്കാലമാണ് കാത്തിരിക്കേണ്ടി വന്നത്. കോൺഗ്രസ് പാർട്ടി യു ഡി എഫ് നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കാൻ തയ്യാറായിക്കഴിഞ്ഞെന്നും തെരഞ്ഞെടുപ്പ് വെറും ഔപചാരികത മാത്രമാണെന്നും ഡൽഹിയിൽ നിന്ന് ചരട് വലിക്കുന്ന നേതാക്കൾ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നത് പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. അത്രത്തോളമായിരുന്നു നേതാക്കൾക്കിടയിലെ അലംഭാവം.
1980 മുതൽ മാറി മാറി മുന്നണികൾ അധികാരത്തിൽ വരുന്ന പ്രവണതയിൽ അവർ അമിതമായി വിശ്വസിച്ചു എന്ന് വേണം കരുതാൻ. അതിനാൽ സ്ഥാനാർത്ഥിപ്പട്ടികയിൽ പുതിയ ചില മുഖങ്ങളെ ഉൾക്കൊള്ളിച്ചതിന്റെ പേരിൽ സന്തോഷിച്ചനേതാക്കൾ പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ ദൗർബല്യത്തെക്കുറിച്ച് സൗകര്യപൂർവം മറന്നു. അവസാന നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന കാര്യത്തിൽ ഊഹാപോഹങ്ങൾക്ക് ഇടം കൊടുത്തു കൊണ്ടുള്ള ഹൈക്കമാൻഡിന്റെ തന്ത്രം തിരിച്ചടിച്ചുഎന്ന് വേണം കരുതാൻ. അതോടെ ആർക്കും തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ അനിഷേധ്യ നേതാവായി സ്വയം സ്ഥാനപ്പെടുത്താൻ കഴിയാതെ വന്നു.
പിണറായി വിജയൻ ഇടതുപക്ഷത്തിന്റെപ്രചരണത്തെ മുന്നിൽ നിന്ന് നയിച്ചപ്പോൾ കോൺഗ്രസിൽ അവശേഷിച്ചത് ഒരു ശൂന്യതയായിരുന്നു. കോവിഡ് പ്രതിസന്ധി മൂലം വളരെ മോശം കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ജനങ്ങൾ ആ പ്രതിസന്ധിയെ മറികടക്കാൻ സഹായിച്ചതിലൂടെ പരിചിതനായ ഒരു നേതാവിന്റെ കൈ മുറുകെപ്പിടിക്കാൻ ഒട്ടും മടി കാണിച്ചില്ല. ഡൽഹി തിരഞ്ഞെടുക്കുന്ന ആരും മുഖ്യമന്ത്രിയായേക്കാം എന്ന നിലയിലുള്ള കോൺഗ്രസ് പാർട്ടിയ്ക്കകത്തെ പരീക്ഷണത്തെ പിന്തുണയ്ക്കുന്നതിനേക്കാൾ അവർ മുൻ തൂക്കം നൽകിയത് അതിനാണ്. ഇടതുപക്ഷ സർക്കാരിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങൾക്കിടയിലെ ശക്തമായ ഭരണാനുകൂല വികാരത്തിനിടയിൽ, മുങ്ങിപ്പോവുകയായിരുന്നു. തന്റെ ആരോപണങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ രമേശ് ചെന്നിത്തല പരാജയപ്പെട്ടു.
വളരെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ കൊണ്ടുവരുന്നതിലൂടെ നേമം പിടിച്ചെടുക്കാം എന്ന കണക്കുകൂട്ടലും കോൺഗ്രസിന് തിരിച്ചടിയായി മാറി. കേരളത്തിലെ ഗുജറാത്ത് എന്ന് ബി ജെ പി വിശേഷിപ്പിച്ച നേമത്ത് ബി ജെ പി യെ കീഴടക്കിയത് സി പി എം ആണ്, അല്ലാതെ കോൺഗ്രസ് അല്ല. ഏറെക്കുറെ നിശ്ചലമായിക്കഴിഞ്ഞ സംഘടനാ സംവിധാനത്തിനും ഒരു വിഭാഗം മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ വോട്ടർമാർ തങ്ങളെ ഉപേക്ഷിക്കുന്നു എന്ന സാഹചര്യത്തിനും ഇടയിൽ നിൽക്കവെ കോൺഗ്രസിന് പ്രതീക്ഷയായി ആകെ ബാക്കിയുണ്ടായിരുന്നത് മുന്നണികൾക്ക് മാറി മാറി ഭരണം ലഭിക്കുന്നു എന്ന പ്രവണതയ്ക്ക് മേലുള്ള അമിതമായ വിശ്വാസം മാത്രമായിരുന്നു.
അതിനിടെ, കോൺഗ്രസിൽ ബലിയാടുകൾക്ക് വേണ്ടിയുള്ള വേട്ട തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുള്ള ദിവസങ്ങളിൽ അസാന്നിധ്യംകൊണ്ട് കൂടുതൽ ശ്രദ്ധ നേടിയ സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷത്തെനയിച്ച രമേശ് ചെന്നിത്തലയുമാണ് പ്രധാനമായും വേട്ടയാടപ്പെടുന്നത്.
ജനകീയനേതാവായിരുന്ന ഉമ്മൻ ചാണ്ടിയെ നിഷ്ക്രിയനാകാൻ നിർബന്ധിതനാക്കിയത് കോൺഗ്രസ് ഹൈക്കമാൻഡായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഹൈക്കമാൻഡിന്റെ അനുമതി തേടുന്ന സ്വഭാവം കോൺഗ്രസിന്റെ സംസ്ഥാന ഘടകം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, സംസ്ഥാനത്തിന്റെ കാര്യങ്ങളിൽ ഡൽഹി നേതൃത്വം അനാവശ്യമായി കൈകടത്തുന്നതിനെ പ്രതിരോധിക്കേണ്ടതും അനിവാര്യമാണ്.
ഇനി കോൺഗ്രസ് പാർട്ടിയ്ക്ക് കേരളത്തിലെ തങ്ങളുടെ പ്രതീക്ഷകൾ വീണ്ടെടുക്കണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ ഏറ്റവും അടിത്തട്ട് മുതൽ പാർട്ടി പുനർനിർമാണം നടത്തുകയും എ ഐ സി സി പ്രസിഡന്റ് സ്ഥാനം വരെ തെരഞ്ഞെടുപ്പ് നടത്തുകയും അതിന്റെ പ്രവർത്തക സമിതിയെ പുനരുജ്ജീവിപ്പിക്കുകയും വേണം. അതുവരെ പാർട്ടിയ്ക്ക് അതിന്റെ വിശ്വാസ്യത സംബന്ധിച്ച ചോദ്യങ്ങൾ നേരിടേണ്ടിവരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.