സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ശ്രമത്തിന് കൂട്ടുനിന്നു: സുകുമാരന്‍ നായർക്കെതിരേ സി.പി.എം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് എന്‍.എസ്.എസിനെതിരായ വിജയരാഘവന്റെ വിമർശനം.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം. സര്‍ക്കാറിനെ അട്ടിമറിക്കാനുളള യു.ഡി.എഫ് ശ്രമങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ കൂട്ടുനിന്നെന്ന ആക്ഷേപം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് എന്‍.എസ്.എസിനെതിരായ വിജയരാഘവന്റെ വിമർശനം.
സര്‍ക്കാറിനെതിരായ അട്ടിമറി ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാൻ പരസ്യപ്രസ്താവനകൾ നടത്തിയെന്നാണ് ലേഖനത്തിൽ വിജയരാഘവൻ കുറ്റപ്പെടുത്തുന്നത്. വർഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വിജയം ഊർജമാകുമെന്നും എ.വിജയരാഘവന്‍ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച് നേരത്തെ മുഖ്യമന്ത്രി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ എല്‍ഡിഎഫിനോട് വിരോധമില്ലെന്നും. തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവന വളച്ചൊടിച്ചതാണെന്നുമുള്ള നിലപാടിലായിരുന്നു എന്‍എസ്എസ്.
തെരഞ്ഞെടുപ്പുഫലം കേരളത്തിലെ രാഷ്ട്രീയ ഘടനയില്‍ സുപ്രധാനമായ മാറ്റത്തിന് വഴിതുറന്നിരിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വിജയരാഘവന്റെ ലേഖനം ആരംഭിക്കുന്നത്. ഇടത് മന്ത്രിസഭകൾ അഭിമുഖീകരിച്ച വെല്ലുവിളികളെ കുറിച്ചും സ്വീകരിച്ച പ്രതിരോധത്തെ കുറിച്ചുമെല്ലാം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
advertisement
2021 ലെ തെരഞ്ഞെടുപ്പിലും ഇടതിന് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടായിരുന്നുവെന്നും ലേഖനത്തില്‍ വിജയരാഘവന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാന്‍ സുകുമാരന്‍ നായര്‍ പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്നുവെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തുന്നു.
"ഇടതുപക്ഷ തുടര്‍ഭരണം ഒഴിവാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതുപോലെ കോണ്‍ഗ്രസ്, ലീഗ്, ജമാ അത്തെ ഇസ്ലാമിസഖ്യം വിപുലീകരിച്ച് ബിജെപിയുമായി വോട്ടുകച്ചവടം നടത്തുകയെന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കേരളത്തില്‍ ശ്രമവുമുണ്ടായി. വലിയതോതില്‍ കള്ളപ്പണം കേരളത്തിലേക്ക് കുഴല്‍പ്പണമായി ഒഴുകി. ജനവിധി അട്ടിമറിക്കാനാണ് ഇതിലൂടെ കേന്ദ്രാധികാരത്തിലുള്ള ബിജെപി ശ്രമിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്നപോലെ ശബരിമല സ്ത്രീപ്രവേശന വിഷയം വീണ്ടും ഉന്നയിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ശ്രമം നടന്നു."
advertisement
"തെരഞ്ഞെടുപ്പിന് കേരളത്തില്‍ എത്തിയ നരേന്ദ്ര മോഡി, അമിത് ഷാ ദ്വയം പ്രചാരണയോഗങ്ങളില്‍ 'ശരണം' വിളിച്ചതും രാഷ്ട്രീയ ലാഭത്തിനായിരുന്നു. റോഡ്‌ഷോയുമായി വന്ന രാഹുല്‍പ്രിയങ്ക സഹോദരങ്ങള്‍ മുഖ്യശത്രുവായി പിണറായി വിജയനെയാണ് അടയാളപ്പെടുത്തിയത്. ഇതും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഈ അട്ടിമറിശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യപ്രസ്താവനകളുമായി രംഗത്തുവന്നത്."
advertisement
ഇടതിനെതിരേയുളള ഈ രാഷ്ട്രീയഗൂഢാലോചനയെ ജനപിന്തുണയോടെ തോല്‍പ്പിച്ചതാണ് എല്‍ഡിഎഫിന്റെ ഏറ്റവും വലിയ നേട്ടമെന്നും വിജയരാഘവന്‍ ലേഖനത്തില്‍ അവകാശപ്പെടുന്നുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ഈ വിജയം ഊര്‍ജം പകരുമെന്നും വിജയരാഘവൻ പറഞ്ഞു.
Assembly Election 2021, NSS, G Sukumaran Nair, A Vijayaraghavan, CPM, LDF
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2021 9:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ശ്രമത്തിന് കൂട്ടുനിന്നു: സുകുമാരന്‍ നായർക്കെതിരേ സി.പി.എം