പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി എത്തും; ഇടതുമുന്നണി കൺവെൻഷൻ ഓഗസ്റ്റ് 16ന്
- Published by:Anuraj GR
- news18-malayalam
Last Updated:
ഓഗസ്റ്റ് 16ന് എൽഡിഎഫിന്‍റെ മണ്ഡലം കൺവെൻഷൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം. എൽഡിഎഫ് സ്ഥാനാർഥിയെ ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച് രൂപരേഖയായി. എൽഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ പ്രചരണത്തിനെത്തും. രണ്ട് ഘട്ടങ്ങളിലായാകും മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണം നടത്തുക.
ഓഗസ്റ്റ് 16ന് എൽഡിഎഫിന്‍റെ മണ്ഡലം കൺവെൻഷൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. അതേസമയം ജെയ്ക്ക് സി തോമസ് തന്നെ മൂന്നാം തവണയും പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഓഗസ്റ്റ് 17ന് തന്നെ ഇടത് സ്ഥാനാർഥി നാമനിർദേശപത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.
പതിവുപോലെ ചിട്ടയായ പ്രവർത്തനങ്ങളാണ് സിപിഎം പുതുപ്പള്ളിയിലേക്ക് ആസൂത്രണം ചെയ്യുന്നത്. ശക്തമായ പോരാട്ടം നടത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഇതിനായി മുതിർന്ന നേതാക്കൾക്ക് ബുത്തുകൾ തിരിച്ച് തെരഞ്ഞെടുപ്പ് ചുമതല നൽകി കഴിഞ്ഞു. മന്ത്രിമാർ ഉൾപ്പടെ ഇടതുമുന്നണിയിലെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിൽ പ്രചാരണത്തിനെത്തും.
advertisement
ഇത്തവണ ജെയ്ക്കിനെ മത്സരിപ്പിക്കണമെന്ന നിർദേശം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് സിപിഎം സംസ്ഥാനനേതൃത്വത്തിന് മുന്നിൽ വെക്കുകയായിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ മികച്ച പോരാട്ടമായിരുന്നു ജെയ്ക് സി തോമസ് നടത്തിയത്. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഒൻപതിനായിരത്തിലേക്ക് എത്തിക്കാൻ ജെയ്ക്കിന് കഴിഞ്ഞു. പതിറ്റാണ്ടുകൾക്കുശേഷം ഉമ്മൻചാണ്ടി ഇല്ലാത്ത തെരഞ്ഞെടുപ്പിന് പുതുപ്പള്ളി സാക്ഷ്യം വഹിക്കുമ്പോൾ ജെയ്ക്കിലൂടെ അട്ടിമറി വിജയം നേടാമെന്ന കണക്കുകൂട്ടലാണ് സിപിഎമ്മിനുള്ളത്.
മണർകാട് സ്വദേശിയായ ജെയ്ക്ക് നിലവിൽ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്ക് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവുമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
August 11, 2023 10:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി എത്തും; ഇടതുമുന്നണി കൺവെൻഷൻ ഓഗസ്റ്റ് 16ന്