സിപിഎം നേതാവ് ഇ.പി ജയരാജൻ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു?
- Published by:Anuraj GR
- news18-malayalam
Last Updated:
പാർട്ടിയുടെയും സർക്കാരിന്‍റെയും പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി ഇ.പി ജയരാജൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതായി സൂചന. പാർട്ടിയുടെയും സർക്കാരിന്‍റെയും പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. ഇ.പി ജയരാജൻ അനിശ്ചിതകാല അവധിയിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇ.പി ജയരാജൻ എ.കെ.ജി സെന്‍ററിൽ എത്തിയിട്ടില്ല.
1950 മെയ് 28ന് കണ്ണൂരിലാണ് ഇ.പി ജയരാജന്‍റെ ജനനം. സിപിഎമ്മിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയായിരുന്നു ഇ.പി ജയരാജൻ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയശേഷമാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ചെറിയ പ്രായത്തിലേ മികച്ച സംഘാടകനായി പേരെടുത്ത ഇ.പി ജയരാജൻ കണ്ണൂർ ജില്ലയിൽ സിപിഎമ്മിന്‍റെ പ്രധാന നേതാവും പിന്നീട് കേന്ദ്രകമ്മിറ്റി അംഗം വരെയായി.
ഡി.വൈ.എഫ്.ഐ ( ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ ) യുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ജനറൽ മാനേജരുമായിരുന്നു അദ്ദേഹം.
advertisement
ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ-കായിക മന്ത്രിയായിരുന്നു ഇ.പി ജയരാജൻ. മന്ത്രിയായിരിക്കെ ബന്ധുനിയമവിവാദത്തിൽ 2016 ഒക്ടോബർ 14-ന്, ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചു. 2017 സെപ്റ്റംബറിൽ, വിജിലൻസ് ബന്ധുനിയമന കേസിൽ കുറ്റവിമുക്തനാക്കിയതോടെ ജയരാജൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി.
കേരള നിയമസഭയിലേക്ക് നാലുതവണ തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 1996 വരെയും 2011 മുതൽ 2021 വരെയും കേരള നിയമസഭാംഗമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2022 9:09 AM IST