മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
- Published by:Rajesh V
- news18-malayalam
Last Updated:
വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദമുണ്ടെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. എം എ ബേബിയെ ഫോണിൽ വിളിച്ച് പ്രകാശ് ബാബു ക്ഷമാപണം നടത്തി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടിയോട് ഖേദപ്രകടനവുമായി എഐവൈഎഫ് രംഗത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയോട് ക്ഷമ ചോദിച്ച് സിപിഐ നേതാവ് പ്രകാശ് ബാബുവും രംഗത്തെത്തി.
എഐവൈഎഫ്, എഐഎസ്എഫ് സമരത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദമുണ്ടെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. ചൂണ്ടിക്കാണിച്ചത് ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും- എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ടി ടി ജിസ്‌മോൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
സിപിഐ മന്ത്രിമാർക്കെതിരേയും എഐവൈഎഫ്, എഐഎസ്എഫ് എന്നീ സംഘടനകളുടെ സമരത്തിനുമെതിരെ മന്ത്രി ശിവൻ കുട്ടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുള്ള ടിടി ജിസ്മോൻ്റെ പ്രസ്താവന വന്നത്.
പിഎം ശ്രീ വിഷയത്തിൽ എഐഎസ്എഫ് - എഐവൈഎഫ് പ്രതിഷേധം അതിരു കടന്നുവെന്നും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നുമുള്ള മന്ത്രി ശിവൻകുട്ടിയുടെ പരാമർശം ശ്രദ്ധയിൽ പെട്ടുവെന്നും ജിസ്മോൻ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച തീരുമാനം തങ്ങളെ വേദനിപ്പിച്ചിരുന്നു. വിദ്യാഭ്യാസമേഖലയെയും ചരിത്ര സത്യങ്ങളെയും വർഗീയവൽകരിച്ച് വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ സമൂഹത്തില്‍ നട്ടുവളര്‍ത്താനുള്ള ഫാസിസ്റ്റുകളുടെ ശ്രമങ്ങൾക്കെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ജാഗ്രതയോട് കൂടി ഇനിയും സമര രംഗത്തേക്കിറങ്ങേണ്ടതുണ്ട് എന്ന് തന്നെയാണ് എഐവൈഎഫിന് പറയാനുള്ളത്.
advertisement
വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുമുള്ള ക്രിയാത്മകമായ നടപടികൾ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കൈകൊണ്ടിട്ടുണ്ട്. മന്ത്രിയെന്ന നിലയിൽ മുൻ കയ്യെടുത്ത് നടപ്പാക്കുന്ന സാമൂഹ്യ നീതിയിലധിഷ്ഠിതമായ ഇടതുപക്ഷ സമീപനത്തിൻ്റെ ഫലമായി വിദ്യാഭ്യാസത്തിന്റെ ജനകീയ സ്വഭാവം നില നിർത്താൻ നമുക്ക് കഴിയുന്നത് കേരളത്തിന്നാകമാനം അഭിമാനർഹമാണെന്നും ടി ടി ജിസ്മോൻ പറഞ്ഞു.
ശ്ലാഘനീയമായ നേട്ടങ്ങൾ അവകാശപ്പെടുമ്പോഴും നമ്മുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള പിഎം ശ്രീ വിഷയത്തിലെ ജാഗ്രതക്കുറവിനെ എഐഎസ്എഫും എഐവൈഎഫും ചൂണ്ടിക്കാണിക്കുക മാത്രമാണുണ്ടായത്. എഐവൈഎഫ് സമരവുമായിബന്ധപ്പെട്ട് ബഹുമാനപ്പെട്ട് മന്ത്രിക്ക് എതെങ്കിലും തരത്തിൽ വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും സമരങ്ങളിൽ സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി എന്തെങ്കിലും പ്രവർത്തനങ്ങളുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്നും ടി ടി ജിസ്‌മോൻ അറിയിച്ചു.
advertisement
പിഎം ശ്രീ വിഷയത്തിൽ ബേബി നിസ്സഹായനാണെന്ന് പറഞ്ഞതിലാണ് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പ്രകാസ് ബാബു ക്ഷമാപണം നടത്തിയത്. എം എ ബേബിയെ ഫോണിൽ വിളിച്ച് പ്രകാശ് ബാബു ക്ഷമാപണം നടത്തുകയായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻകൈ എടുത്ത എം എ ബേബിയ്ക്ക് പ്രകാശ് ബാബു നന്ദി അറിയിച്ചിരുന്നു. പറഞ്ഞ വാക്കുകൾ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
ഡി രാജ ഭക്ഷണം പോലും കഴിക്കാൻ കാത്തുനിൽക്കാതെയാണ് എം എ ബേബിയെ കണ്ടത്. എന്നാൽ ഉന്നയിച്ച വിഷയങ്ങളെല്ലാം കേട്ടിട്ടും ബേബി ഒന്നും പറഞ്ഞില്ല. ബേബിയുടെ നിസ്സഹായമായ മൗനം വിഷമിപ്പിച്ചുവെന്നാണ് പ്രകാശ് ബാബു നടത്തിയ പരാമർശം.
advertisement
അതേസമയം എം എ ബേബിയെ കുറിച്ച് പ്രകാശ് ബാബു പറഞ്ഞത് തനിക്ക് വേദനയുണ്ടാക്കിയെന്ന് മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞിരുന്നു. സിപിഐക്കെതിരെ കടുത്ത വിമർശനം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എം എ ബേബിയെ കുറിച്ച് പ്രകാശ് ബാബു പറഞ്ഞത് തനിക്ക് വേദനയുണ്ടാക്കി. മന്ത്രി ജി ആർ അനിൽ തന്നെകുറിച്ച് പറഞ്ഞതും വേദനയുണ്ടാക്കിയെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 30, 2025 6:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു



