'പ്രവർത്തകർക്ക് നേരെ കൈചൂണ്ടിയാൽ ആ കൈ ചുരുട്ടി കൂട്ടും; അങ്ങ് പുരയിൽ എത്തില്ല'; പൊലീസിനെതിരെ സിപിഎം നേതാവിന്‍റെ ഭീഷണി പ്രസംഗം
- Published by:user_49
Last Updated:
രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് പൊലീസിന് നേരെ സിപിഎം നേതാവിൻ്റെ ഭീഷണി പ്രസംഗം നടന്നത്
വടകര അഴിയൂരിൽ പോലീസിനെതിരെ സിപിഎം നേതാവിന്‍റെ ഭീഷണി പ്രസംഗം. പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത പോലീസിനെ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. പുതുവത്സര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് പൊലീസിന് നേരെ സി.പി.എം നേതാവിൻ്റെ ഭീഷണി പ്രസംഗം നടന്നത്.
പാർട്ടിയുടെ നേത്യത്വത്തിൽ നടത്തിയ പുതുവത്സരാഘോഷത്തിൽ നിരവധി അളുകൾ പങ്കെടുത്തിരുന്നു. എന്നാൽ ആളുകൾ സംഘം ചേർന്ന് പരിപാടി സംഘടിപ്പിക്കുവാൻ പാടില്ലെന്നായിരുന്നു പൊലീസ് നിർദ്ദേശം. ഇത് ചോദ്യം ചെയ്തത്തിൻറെ പേരിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കസ്റ്റഡിയിൽ എടുത്തവരെ പാർട്ടി പ്രവർത്തകർ ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചതായി പൊലീസ് ആരോപിക്കുന്നു.
ഇതേതുടർന്ന് തൊട്ടടുത്ത ദിവസം ഹേമന്ത് എന്ന പാർട്ടി പ്രവർത്തകൻറെ വീട്ടിലെത്തി ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിലാണ് ചോമ്പാല പോലീസ് സ്റ്റേഷനിലെ സി.പി.ഒ വിശ്വനാഥനെതിരെ സി.പി.എം ഏരിയ കമ്മിറ്റിയംഗം ഇ.എം ദയാനന്ദൻ്റെ ഭീഷണി പ്രസംഗം ഉണ്ടായത്.
advertisement
"കാക്കി കുപ്പായത്തിൻ്റെ മറവിൽ എന്തു കാട്ടിക്കൂട്ടാമെന്നാണ് ധാരണയെങ്കിൽ കാക്കി കുപ്പായം അഴിക്കുപ്പോൾ കൈകാര്യം ചെയ്യും. ഒറ്റയ്ക്ക് പ്രവർത്തകർക്ക് നേരെ കൈ ചൂണ്ടിയാൽ ആ കൈ ചുരുട്ടി കൂട്ടും, അങ്ങ് പുരയിൽ എത്തില്ലെന്നുമായിരുന്നു ദയനാന്ദൻറെ പ്രതിഷേധ യോഗത്തിലെ പ്രസംഗം".
സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് സോഷ്യൽ മീഡിയ വഴി ഭീഷണി പ്രസംഗം പുറത്തായത്. എന്നാൽ താൻ ഭീഷണിപ്പെടുത്തിയതല്ലെന്നാണ് ദയാനന്ദൻ്റെ വിശദീകരണം. പുതുവത്സരവുമായി ബന്ധപ്പെട്ട് പൊലീസുകാർ വളരെ മാന്യമായിട്ടാണ് പെരുമാറിയതെങ്കിലും സിവിൽ പൊലീസ് ഓഫീസർ വിശ്വനാഥൻ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് സി.പി.എം ആരോപിക്കുന്നു. വിഷയം ചൂണ്ടിക്കാണിച്ച് സി.പി.എം വടകര റൂറൽ എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 10, 2021 6:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രവർത്തകർക്ക് നേരെ കൈചൂണ്ടിയാൽ ആ കൈ ചുരുട്ടി കൂട്ടും; അങ്ങ് പുരയിൽ എത്തില്ല'; പൊലീസിനെതിരെ സിപിഎം നേതാവിന്‍റെ ഭീഷണി പ്രസംഗം