ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ ആളെക്കൂട്ടാന്‍ സിപിഎം നേതാക്കളുടെ ഭീഷണി. നെല്ലുചുമട്ട് തൊഴിലാളികൾക്കാണ് കുട്ടനാട്ടിലെ സ്വീകരണത്തിൽ പങ്കെടുത്തില്ലെങ്കിൽ ജോലി നിഷേധിക്കുമെന്ന ഭീഷണി നേരിടേണ്ടിവന്നത്. നെടുമുടിയിലെ സ്വീകരണത്തിൽ എത്താനാവില്ലെന്ന് അറിയിച്ച തൊഴിലാളിയോട് ജോലിക്കെത്തേണ്ടതില്ലെന്ന് ലോക്കൽ സെക്രട്ടറി പറയുന്ന ശബ്ദസന്ദേശവും പുറത്തുവന്നു.
കുട്ടനാട്ടിലെ കായൽ മേഖലയിൽ പുഞ്ച കൃഷിയുടെ കൊയ്ത്ത് നടക്കുകയാണ്. റാണി കായലിൽ നെല്ല് ചുമക്കുന്ന 172 തൊഴിലാളികളോടാണ് സിപിഎം ജാഥയുടെ സ്വീകരണത്തിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. പാർട്ടി പരിപാടിക്ക് വന്നില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ജോലി ഉണ്ടാവില്ലെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ ഇവരിൽ പകുതിപ്പേരും ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗങ്ങളല്ല. കൂടാതെ ജാഥയ്ക്കെത്തിയവർ ഹാജർ രേഖപ്പെടുത്തണമെന്നും തൊഴിലാളികൾക്ക് നിർദേശമുണ്ട്. വെളളിയാഴ്ച ഉച്ചകഴിഞ്ഞാണ് എംവി. ഗോവിന്ദൻ നയിക്കുന്ന ജാഥ കുട്ടനാട്ടിലെത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.