കോട്ടയം: ജോസിന്‍ ബിനോയെ പാലാ നഗരസഭാധ്യക്ഷയായി തിരഞ്ഞെടുത്തു. ചെയർമാൻ സ്ഥാനത്തേക്ക് ബിനു പുളിക്കകണ്ടത്തെ സ്ഥാനാർഥിയാക്കരുതെന്ന ജോസ് കെ മാണിയുടെ നിർദേശത്തെ സിപിഎം അംഗീകരിച്ചതോടെയാണ് ജോസിൻ ബിനോയുടെ പേര് പരിഗണനയിലെത്തുന്നത് . സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി ജോസിൻ ബിനോയെ നിർത്താന്‍ പാലാ ഏരിയ കമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം ഏരിയ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
മുണ്ടുപാലം കൗൺസിലറാണ് ജോസിൻ ബിനോ. ബിനു ഒഴികെ ആരെയും അംഗീകരിക്കാൻ തയാറാണെന്നായിരുന്നു കേരള കോണ്‍ഗ്രസ് സിപിഎമ്മിനെ അറിയിച്ചിരുന്നത്. സിപിഎമ്മിന് ആറ് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക വ്യക്തിയായിരുന്നു ബിനുപുളിക്കകണ്ടം.
സിപിഎമ്മും കേരള കോൺഗ്രസും തമ്മിലുള്ള കരാർ കാലാവധി കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു.നഗരസഭ ചെയർമാൻ കേരള കോൺഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറേക്കര രാജിവയ്ക്കുകയും ചെയ്തു. തുടർന്ന് ചെയർമാൻ സ്ഥാനം ആർക്കെന്ന ചർച്ചകൾക്കിടെ ഭിന്നത ആരംഭിച്ചിരുന്നു. ഈ ഭിന്നതയ്ക്കാണ് ഇപ്പോൾ പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
സാധുവായ 23 വോട്ടുകളില്‍ 17 എണ്ണം ജോസിന്‍ നേടിയാണ് ജോസിൻ ബിനോയെ നഗരസഭാധ്യക്ഷയായി തെരഞ്ഞെടുത്തത്. എതിര്‍ സ്ഥാനാര്‍ത്ഥി വിസി പ്രിന്‍സിന് 7 വോട്ട് കിട്ടി.ഒരു വോട്ട് അസാധുവായി.പേര് എഴുതി ഒപ്പിടാത്തതിനാലാണ് അസാധുവായത്.ഒരു സ്വതന്ത്ര കൗൺസിലർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.യുഡിഎഫിനൊപ്പം നിൽക്കുന്ന ജിമ്മി ജോസഫ് ആണ് വിട്ടു നിന്നത്.
26അംഗ കൗൺസിലിൽ കേരളാ കോൺഗ്രസ് എം ന് 10ഉം സിപിഎം ന് 6ഉം സിപിഐ ക്ക് ഒന്നും അംഗങ്ങളാണുള്ളത് യുഡിഎഫില്‍ കോൺഗ്രസ് 5 കേരളാ കോൺഗ്രസ് 3 സ്വതന്ത്രന്‍ 1വീതമാണ് അംഗ സംഖ്യ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.