മന്ത്രി സജി ചെറിയാന്റെ 'തീവ്രവാദ' പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 2018 ല്‍ വെള്ളപ്പൊക്കം വന്ന് മുങ്ങിച്ചാകാന്‍ നേരത്ത് തീവ്രവാദികളായ ഞങ്ങളെപ്പോലെയുള്ള ജനങ്ങളാ അവനെ രക്ഷിച്ചത് അവനെയും അവന്റെ കാറും രക്ഷിച്ചതെന്ന് രോഷാകുലയായി വീട്ടമ്മ. കെ റെയില്‍ പ്രതിഷേധത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വീട്ടമ്മയുടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
എം എ ആരിഫിനെയും വീട്ടമ്മ വിമര്‍ശിക്കുന്നുണ്ട്. നാലു കൊല്ലം കഴിയുമ്പം വോട്ടും ചോദിച്ച് വരുമ്പോള്‍ ജനങ്ങള്‍ ചോദിക്കുമെന്നും. ആരിഫിന്റെ സീറ്റ് തൂത്തുക്കൂട്ടി അറബിക്കടലില്‍ താഴ്ത്തുമെന്നും വീട്ടമ്മ പ്രതികരിച്ചു. കെ റെയില്‍ സമരത്തിന്റെ കൂടെ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
സര്‍വ്വേ കല്ല് ഊരിയാല്‍ വിവരമറിയും, ഒരു സംശയവും വേണ്ട, തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
മന്ത്രിയ്ക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു. പ്രളയ സമയത്ത് കാര്‍ പ്രളയ ജലത്തില്‍ ഒലിച്ചുപോയി എന്ന് പറഞ്ഞ് വാവിട്ടുകരഞ്ഞ സജി ചെറിയാന് ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തീവ്രവാദി പട്ടം ചാര്‍ത്തി കൊടുക്കുന്നത് വിരോധാഭാസമാണെന്ന് സുധാകരന് പറഞ്ഞു.
കിടപ്പാടം പിടിച്ചുപറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതലാളിക്ക് കമ്മീഷന് എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള അടിമകള്‍ക്ക് ഒരുനാളും നേരം വെളുക്കില്ലെന്നും സുധാകരന് പറഞ്ഞു.
കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കോട്ടയം നട്ടാശേരിയിലും മലപ്പുറം തിരുനാവായയിലും നാട്ടുകാരുടെ പ്രതിഷേധം. നട്ടാശേരിയില്‍ പോലീസും നാട്ടുകാരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ത്തിലേക്ക് നീങ്ങി. പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോടും ചോറ്റാനിക്കരയിലും ഇന്ന് നടത്താനിരുന്ന സര്‍വേ മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.