കേരളത്തിൽ എത്രയിടത്ത് നിരോധനാജ്ഞയുണ്ട്?

Last Updated:
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘർഷത്തിന് അയവില്ല. വടക്കൻ ജില്ലകളിലും പത്തനംതിട്ട ജില്ലയിലെ അടൂർ, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിലുമാണ് സംഘർഷം തുടരുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിശദീകരണം തേടിയിട്ടുണ്ട്. അക്രമം അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എവിടെയൊക്കെയാണ് നിരോധനാജ്ഞ നിലവിലുള്ളതെന്ന് നോക്കാം...
1. ശബരിമലയിലും പരിസരപ്രദേശങ്ങളിലും
ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്. തുലാം മാസപൂജ സമയം മുതൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ, ഇന്ന് മകരവിളക്ക് വരെ നീട്ടിയിട്ടുണ്ട്. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, ശബരിമല എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ നിരോധനാജ്ഞ നീട്ടണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരമാണ് മകരവിളക്ക് ദിവസമായ ജനുവരി 14ന് അർധരാത്രി വരെ നീട്ടിയത്.
advertisement
2. അടൂർ
ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് സിപിഎം-ബിജെപി സംഘർഷം തുടരുന്ന പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ നിരോധനാജ്ഞ നിലവിലുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് അടൂർ, കൊടുമൺ, പന്തളം എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ മൂന്നുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
3. നെടുമങ്ങാട്
കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷന് നേരെ ബോംബേറ് ഉൾപ്പടെ ഉണ്ടായ നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ഇത് കണക്കിലെടുത്ത് നെടുമങ്ങാട്, വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നുദിവസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
4. പേരാമ്പ്ര
ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. ജനുവരി അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞ അഞ്ച് ദിവസത്തേക്ക് പ്രാബല്യത്തിൽ ഉണ്ടാകും.
advertisement
പാലക്കാട് നഗരത്തിലും മഞ്ചേശ്വരം താലൂക്കിലും ഏർപ്പെടുത്തിയ 24 മണിക്കൂർ നിരോധനാജ്ഞ വെള്ളിയാഴ്ച വൈകിട്ട് അവസാനിച്ചിരുന്നു.
5. തലശേരി
ഹർത്താലിന് തുടങ്ങിയ അക്രമസംഭവങ്ങൾ ജനപ്രതിനിധികളുടെ വീടാക്രമണം വരെയെത്തിയ തലശേരിയിലും പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി, ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജനുവരി 7വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്താണ് നിരോധനാജ്ഞ?
സംഘര്‍ഷമോ കലാപ സാധ്യതയോ തടയുന്നതിനായി ഒരു നിശ്ചിത പ്രദേശത്ത് പത്തിലധികം പേര്‍ സംഘം ചേരുന്നത് തടഞ്ഞുകൊണ്ട് മജിസ്‌ട്രേറ്റിന് പുറപ്പെടുവിക്കാവുന്ന വകുപ്പാണ് 144 അഥവാ നിരോധനാജ്ഞ. നിയമവിരുദ്ധമായി സംഘം ചേരുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 141 മുതല്‍ 149 വരെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാം. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും. സംഘം ചേരുന്ന എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന സവിശേഷതയും നിരോധനാജ്ഞയ്ക്കുണ്ട്. യോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നവരും അതിൽ പങ്കെടുക്കുന്നവരും ശിക്ഷയ്ക്ക് അർഹരാണ്.
advertisement
ആയുധങ്ങളുമായി സംഘം ചേരുന്നതും, ആയുധങ്ങള്‍ മരണത്തിനിടയാക്കുന്നതുമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷത്തിലധികം തടവും പിഴയും ലഭിക്കും. ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ക്ക് പുറമേ സംസ്ഥാന സര്‍ക്കാരിനും നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അധികാരമുണ്ട്.
സാധാരണഗതിയിൽ രണ്ടുമാസത്തിലധികമായി നിരോധനാജ്ഞ നീട്ടാനാകില്ല. എന്നാൽ മനുഷ്യജീവനും ആരോഗ്യത്തിനും ഭീഷണി ഉയരുന്ന ഘട്ടങ്ങളിൽ നിരോധനാജ്ഞ സർക്കാരിന് നീട്ടാനാകും.
സ്വാതന്ത്ര്യ സമരത്തെ നേരിടാണ് 1861ൽ ബ്രിട്ടീഷുകാരാണ് ആദ്യമായി ഈ വകുപ്പ് ഇന്ത്യയിൽ പ്രയോഗിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ എത്രയിടത്ത് നിരോധനാജ്ഞയുണ്ട്?
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement