HOME » NEWS » Kerala » CYCLONE TAUKTAE BECAME POWERFUL HEAVY RAINS AND THUNDERSTORMS WILL CONTINUE IN NORTHERN DISTRICTS OF KERALA

ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി; വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയും കടൽക്ഷോഭവും തുടരും

മഴക്കെടുതികളിൽ ഇന്നലെ സംസ്ഥാനത്ത് 4 പേർ മരിച്ചു. പലയിടത്തും വീടുകളും കൃഷിയും നശിച്ചു.

News18 Malayalam | news18-malayalam
Updated: May 16, 2021, 7:15 AM IST
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി; വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയും കടൽക്ഷോഭവും തുടരും
തിരുവനന്തപുരത്ത് നിന്നുള്ള ദൃശ്യം (Image: PTI)
  • Share this:
തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ശക്തമായ ടൗട്ടെ ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറി. അടുത്ത 12 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.

വടക്കൻ ജില്ലകളായ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Also Read- ചാരായം വാറ്റാനുള്ള കോട സൂക്ഷിച്ചത് മൊബൈൽ മോർച്ചറിയിൽ; രണ്ടുപേർ അറസ്റ്റിൽ

കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 09 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ടൗട്ടെ മെയ് 16 ന് രാവിലെ 02.30 ന് മധ്യകിഴക്കൻ അറബിക്കടലിൽ 14.7 ° N അക്ഷാംശത്തിലും 72.7° E രേഖാംശത്തിലും എത്തി. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 150 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 490 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 730 കിമീയും പാക്കിസ്ഥനിലെ കറാച്ചിയിൽ നിന്നും 870 കിമീ തെക്കു-തെക്കു കിഴക്കു ദിശയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തും. മെയ് 18 അതിരാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തപ്പടുന്നത്.

സംസ്ഥാനത്ത് ജാഗ്രതാ നിർദേശം; നാലുമരണം

എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും 19 വരെ ശക്തമായ മഴ തുടരും.

മഴക്കെടുതികളിൽ ഇന്നലെ സംസ്ഥാനത്ത് 4 പേർ മരിച്ചു. പലയിടത്തും വീടുകളും കൃഷിയും നശിച്ചു. തിരുവനന്തപുരത്ത് ശംഖുമുഖം എയർപോർട്ട് റോഡ് പൂർണമായി കടലെടുത്തു. തൃശൂരിൽ ചാലക്കുടിപ്പുഴയുടെ തെക്കേക്കരയിൽ മുരിങ്ങൂർ ഭാഗത്തു പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് 4 മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിൽ മഴയെ തുടർന്ന് പല സർവീസുകളും വഴി തിരിച്ചു വിട്ടു.

Also Read- കോവിഡ് ഭേദമായവരിലെ ബ്ലാക്ക്​ ഫംഗസ്​: ജാഗ്രത നി​ർദേശവുമായി സംസ്ഥാനങ്ങൾ

തീരമേഖലയിൽ കടലാക്രമണം തുടരുകയാണ്. 71 ക്യാംപുകളിലായി 2094 പേരെ മാറ്റിപ്പാർപ്പിച്ചു. മണിമലയാറിലും അച്ചൻകോവിലാറിലും ജലനിരപ്പ് ഉയർന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. 31നു കാലവർഷത്തിനു തുടക്കമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതു കണക്കിലെടുത്ത് പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് നിർദേശം ലഭിക്കുന്ന മുറയ്ക്ക് താമസം മാറാൻ സർക്കാർ ആവശ്യപ്പെട്ടു. ചെറിയ അണക്കെട്ടുകൾക്കരികിൽ താമസിക്കുന്നവരും ജാഗ്രത തുടരണം.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം.
Published by: Rajesh V
First published: May 16, 2021, 7:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories