കോവിഡ് ഭേദമായവരിലെ ബ്ലാക്ക് ഫംഗസ്: ജാഗ്രത നിർദേശവുമായി സംസ്ഥാനങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്,ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അസുഖം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂഡല്‍ഹി: കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന 'മ്യൂക്കോമൈകോസിസ്' (ബ്ലാക്ക് ഫംഗസ്) ഫംഗസ് ബാധക്കെതിരെ ജാഗ്രതാ നിർദേശവുമായി കൂടുതൽ സംസ്ഥാനങ്ങൾ. ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പുലർത്തണമെന്ന് ഹരിയാന ഡോക്ടർമാർക്ക് നിർദേശം നൽകി. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്,ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അസുഖം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി എയിംസില്‍ മാത്രം 23 പേര്‍ക്ക് ഈ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ 20 പേരും കോവിഡ് ബാധിതരാണെന്നും എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
ബ്ലാക്ക് ഫംഗസ് പുതിയ രോഗബാധയല്ല. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസാണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. മാസ്ക് ധരിക്കേണ്ടത് അനിവാര്യമാണ്. ചില സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രണ്ടാംഘട്ട ഫംഗസ് ബാധ ചിലപ്പോള്‍ തീവ്രതയുള്ളതും മാരകവുമായി മാറിയേക്കാം. അനിയന്ത്രിത രക്തസമ്മര്‍ദത്തോടൊപ്പം പ്രമേഹം ഉള്ളവരിലും കീമോതെറപ്പിക്ക് വിധേയരായവരിലുമായിരുന്നു കോവിഡിന് മുമ്പ് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തോടെ ഈ ഫംഗസ് ബാധ സാധാരണമായിത്തീര്‍ന്നെന്നും ഗുലേറിയ ചൂണ്ടിക്കാട്ടി.
advertisement
ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. കണ്ണിനും മൂക്കിനും ചുറ്റും വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസംമുട്ടൽ, രക്തം ഛർദിക്കൽ, മാനസികാവസ്ഥയിൽ വ്യതിയാനം തുടങ്ങിയവയെല്ലാം ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്.
അനിയന്ത്രിത പ്രമേഹവും, കോവിഡ് ചികിത്സക്കായി കഴിക്കുന്ന സ്റ്റിറോയ്ഡുകൾ പ്രതിരോധ സംവിധാനത്തെ അമർച്ച ചെയ്യുന്നതും, ദീർഘകാല ഐസിയു വാസവുമെല്ലാം ഇതിലേക്ക് നയിക്കുന്നതായി ഐസിഎംആർ ചൂണ്ടിക്കാട്ടി. ബ്ലാക്ക് ഫംഗസ് ഇതുവരെ വലിയ രോഗവ്യാപനമായി മാറിയിട്ടില്ലെന്നും സ്ഥിതിഗതികൾ കേന്ദ്രം നിരീക്ഷിക്കുകയാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. സ്വയം ചികിത്സയും സ്റ്റിറോയ്ഡിന്റെ അമിത ഉപയോഗവും നിയന്ത്രിക്കണം. പ്രമേഹം നിയന്ത്രിക്കുക എന്നതാണ് സുപ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലാക്ക് ഫംഗസ് സംസ്ഥാനത്ത് 2000 പേർക്ക് ബാധിച്ചിട്ടുണ്ടെന്നും ഇതിൽ 52 പേർ മരിച്ചതായും വെള്ളിയാഴ്ച മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു.
advertisement
കോവിഡ് ബാധിച്ചവരിലെ ഫംഗസ് ബാധ കേരളത്തിലും
കോവിഡ് ബാധിച്ചവരില്‍ ഫംഗസ് ബാധ കേരളത്തിലും അപൂര്‍വമായി കണ്ടുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. മെഡിക്കല്‍ ബോര്‍ഡ് കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്. അതേസമയം കുട്ടികള്‍ കോവിഡ് വാഹകരായേക്കാനുള്ള സാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ അനാവശ്യ ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികള്‍ മുതിര്ന്നവരമായുള്ള ഇടപെടല്‍ കുറയ്ക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം വന്നാലും ലഘുവായ ലക്ഷണങ്ങളോടെ വന്നുപോകാം. അതേസമയം നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളാണ് ഈ ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Location :
First Published :
May 16, 2021 6:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് ഭേദമായവരിലെ ബ്ലാക്ക് ഫംഗസ്: ജാഗ്രത നിർദേശവുമായി സംസ്ഥാനങ്ങൾ