തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകളിലെ ക്ലാസ് മുറികൾക്ക് ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ തുക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍. പെയിന്‍റടിച്ചും ചിത്രം വരച്ചും മനോഹരാക്കിയിരുന്ന ക്ലാസ് മുറികളുടെ ചുവരുകളാണ്, തെരഞ്ഞെടുപ്പ് ദിവസം അലങ്കോലമായത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പുകളും നിർദേശങ്ങളും ഉൾപ്പെടുന്ന നോട്ടീസുകളും പതിപ്പിച്ചാണ് ചുമരുകൾ വൃത്തികേടാക്കിയത്. ഇതു സംബന്ധിച്ച് കൊല്ലം ജില്ലയിലെ പരവൂര്‍ കൂനയില്‍ ഗവ. എല്‍. പി. സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഗൗരി ബി. എസ് സമര്‍പ്പിച്ച പരാതിയുടേയും പത്രവാര്‍ത്തയുടെയും അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഉത്തരവ്.
പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ്സ്മുറികളിലും സ്‌കൂള്‍ മതിലുകളിലും ചുമരുകളിലും വരച്ച മൃഗങ്ങളുടെയും മറ്റ് വിജ്ഞാനപ്രദമായ ചിത്രങ്ങളുമാണ് തെരഞ്ഞെടുപ്പ് ദിനം ചില സ്കൂളുകളിൽ നശിപ്പിക്കപ്പെട്ടത്. ആനയുടെയും ആമയുടേയും മുയലിന്റേയും ഉൾപ്പടെയുള്ള ചിത്രങ്ങളുടെ മുകളില്‍ തെരഞ്ഞെടുപ്പിന്റെ അറിയിപ്പുകളും നിർദേശങ്ങളും നോട്ടീസായും മാർക്കർ പേന കൊണ്ട് എഴുതിയും നശിപ്പിച്ചതായി പരാതിയിൽ പറയുന്നുണ്ട്. മനോഹരമായി പെയിന്റടിച്ചിരുന്ന സ്‌കൂള്‍ ഭിത്തികളില്‍ പെയിന്റ് കൊണ്ട് ബൂത്ത് വിവരങ്ങള്‍ എഴുതി വികൃതമാക്കിയെന്നും ഗൗരി ബി. എസ് സമര്‍പ്പിച്ച പരാതിയിൽ പറയുന്നു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി. മനോജ്കുമാര്‍, അംഗങ്ങളായ കെ. നസീര്‍, റെനി ആന്റണി എന്നിവരടങ്ങിയ മൊത്ത ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെ രണ്ട് മാസത്തിനുള്ളില്‍ ഇത്തരം സ്‌കൂളുകളില്‍ പരിശോധന നടത്തി കേടുപാടുകളുടെ മൂല്യം നിര്‍ണ്ണയിക്കണം.
സംസ്ഥാനത്ത് മെയ് നാലു മുതൽ ഒമ്പത് വരെ നിയന്ത്രണം
അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെയ് നാലു മുതല്‍ ഒന്‍പതു വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിയന്ത്രണങ്ങള്‍ ഇങ്ങനെ
വിവാഹങ്ങളില്‍ 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാതമ്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.
ഓക്‌സിജന്‍ ടെക്‌നീഷ്യന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശൂചീകരണ തൊഴിലാളികള്‍ എന്നിവരെ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കും.
വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നവരുടെ രേഖകള്‍ പരിശോധിച്ച് യാത്ര അനുവദിക്കും. മെഡിക്കല്‍ ഷോപ്പുകള്‍, പത്രവിതരണം, കടകള്‍, ഹോട്ടല്‍, പാല്‍ വിതരണ കേന്ദ്രം, പാല്‍ ബൂത്തുകള്‍ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പാഴ്‌സല്‍ മാത്രം അനുവദിക്കും. ഒന്‍പതു മണി വരെ മാത്രമായിരിക്കും പ്രവര്‍ത്തന സമയം. ജീവനക്കാര്‍ രണ്ടു മാസ്‌കും കയ്യുറയും ധരിക്കണം.
ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഒരു മണി വരെയായിരിക്കും.
ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ക്കും ട്രെയിനുകള്‍ക്കും തടസമില്ല. ആശുപത്രിയിലേക്കോ ബസ് സ്‌റ്റേഷനുകളിലേക്കോ റെയില്‍വേ സ്‌റ്റേഷനിലേക്കോ പോകുന്ന സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി, ഓട്ടോറിക്ഷ എന്നിവയ്ക്ക് തിരിച്ചറിയല്‍ രേഖ ഹജരാക്കണം.
അതിഥി തൊഴിലാളികള്‍ക്ക് അതാതു സ്ഥലത്ത ജോലി ചെയ്യാവുന്നതാണ്. റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതാണ്.
ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ ഓരോ ആളും രണ്ടു മാസ്‌ക് ധരിക്കണം. കുടുംബാംഗമല്ലെങ്കില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child rights commission, Election 2021, Kerala Assembly Electin 2021, Kerala school, School