'കാപ്പ'യിൽ ഭേദഗതി; പൊലീസിന് അമിതാധികാരം; പരാതിക്കാർ ഇല്ലാത്ത കേസുകളും പരിഗണിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
രാഷ്ട്രീയ സ്വഭാവമുള്ളതെങ്കിലും ഐപിസി പ്രകാരം ഗുരുതര കുറ്റകൃത്യമാണെങ്കിൽ കാപ്പ ചുമത്താം. ഇതും വിവാദമായേക്കാവുന്ന തീരുമാനമാണ്. രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടായാൽ എതിർചേരികളിൽ പെട്ടവരെ ഏകപക്ഷീയമായി കാപ്പാ കേസുകളിൽ പെടുത്തുമെന്നാണ് വിമർശനം
തിരുവനന്തപുരം: പൊലീസിന് അമിതാധികാരം നൽകുന്ന നീക്കവുമായി സംസ്ഥാന സർക്കാർ. പരാതിക്കാർ ഇല്ലാതെ എടുക്കുന്ന കേസും ഇനി മുതൽ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന് (കാപ്പ )പരിഗണിക്കാനാണ് തീരുമാനം. നവംബർ 22 ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വേണു, ഡിജിപി അനിൽ കാന്ത്, ജില്ലാ കളക്ടർമാർ എന്നിവരുടെ യോഗത്തിലാണ് കാപ്പയിൽ ഭേദഗതി വരുത്താനുള്ള തീരുമാനം ഉണ്ടായത്. യോഗത്തിന്റെ മിനിട്ട്സ് പുറത്തുവന്നു
ഏറെ വിവാദം ആയേക്കാവുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്ന തീരുമാനത്തിലേക്ക് ആണ് ആഭ്യന്തരവകുപ്പ് നടപടി നീങ്ങുന്നത്. സ്വമേധയാ എടുക്കുന്ന കേസുകളിലും കാപ്പ നടപടികൾ പോലീസിന് സ്വീകരിക്കാം എന്നതാണ് വിവാദ നിർദ്ദേശം. കളക്ടർമാർ അധ്യക്ഷനായ സമിതിയാണ് കാപ്പ അറസ്റ്റുകൾക്ക് അനുമതി നൽകുന്നത്. ഇത് മറികടക്കുന്നതാണ് പുതിയ നിർദ്ദേശം.
ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ കളക്ടർമാർ എന്നിവർ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഈ വർഷം 734 കാപ്പ അറസ്റ്റുകൾക്ക് അനുമതി തേടിയതിൽ കളക്ടർമാർ അനുവദിച്ചത് 245 എണ്ണം മാത്രമായിരുന്നു. അറസ്റ്റുകൾ സാധിക്കാത്തതിൽ ജില്ലാ പൊലീസ് മേധാവിമാർ നേരത്തെ ഡിജിപിയെ പരാതി അറിയിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ എടുത്ത കേസുകളിൽ കാപ്പ പ്രകാരം തടങ്കലിൽ വയ്ക്കാം.
advertisement
രാഷ്ട്രീയ സ്വഭാവമുള്ളതെങ്കിലും ഐപിസി പ്രകാരം ഗുരുതര കുറ്റകൃത്യമാണെങ്കിൽ കാപ്പ ചുമത്താം. ഇതും വിവാദമായേക്കാവുന്ന തീരുമാനമാണ്. രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടായാൽ എതിർചേരികളിൽ പെട്ടവരെ ഏകപക്ഷീയമായി കാപ്പാ കേസുകളിൽ പെടുത്തുമെന്നാണ് വിമർശനം.
യോഗത്തിൽ കൈക്കൊണ്ട മറ്റു ചില തീരുമാനങ്ങൾ ഇങ്ങനെ
- ജാമ്യവ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രതി പ്രവർത്തിച്ചാൽ ജാമ്യം റദ്ദാക്കാൻ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷം കാപ്പ നിയമപ്രകാരം നടപടിയെടുക്കാം.
- കോടതിയുടെ തീരുമാനത്തിന് കാത്തുനിൽക്കാതെ തന്നെ നടപടിയെടുക്കാം.
- കാപ്പ നിയമത്തിന് കീഴിൽ വരുന്ന കുറ്റകൃത്യങ്ങള്‍ മാത്രമേ നടപടിക്ക് പരിഗണിക്കാവൂ…ചെറിയ കുറ്റങ്ങൾ പരിഗണിക്കരുത്.
- കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനെ തടയുന്ന തരത്തിലുള്ളതാണ് നിലവിലെ ജാമ്യ വ്യവസ്ഥകളെങ്കിൽ കാപ്പ വകുപ്പുകൾ ചുമത്തേണ്ടതില്ല.
- ലഹരിമരുന്ന് കേസുകൾ വർധിക്കുന്നതിനാൽ ചെറിയ തോതിൽ ലഹരിവസ്തു പിടികൂടിയാലും ശക്തമായ നടപടി വേണം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2022 11:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കാപ്പ'യിൽ ഭേദഗതി; പൊലീസിന് അമിതാധികാരം; പരാതിക്കാർ ഇല്ലാത്ത കേസുകളും പരിഗണിക്കും