തിരുവനന്തപുരം: ഇന്ത്യൻ അധിനിവേശ കാശ്മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ (KT Jaleel) കേസെടുക്കണമെന്നാണ് ആവശ്യം. സുപ്രീംകോടതി അഭിഭാഷകനായ ജി.എസ്.മണിയാണ് ഡൽഹി റോസ് അവന്യൂ കോടതിയെ സമീപിച്ചത്. ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുക്കാൻ നിർദേശിക്കണമെന്നാണ് ആവശ്യം.
നേരത്തേ, ആർഎസ്എസ് നേതാവ് അരുൺ മോഹന്റെ ഹർജിയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌റ്ററേറ്റ് കോടതിയും ജലീലിനെതിരെ കേസെടുക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് പത്തനംതിട്ട കീഴ്‌വായ്പൂർ പൊലീസ് കേസെടുത്തിരുന്നു.
153 ബി പ്രകാരവും പ്രിവൻഷൻ ഓഫ് ഇന്റൻഷൻ ടു നാഷണൽ ഓണർ ആക്ട് 1971 സെക്‌ഷൻ 2 പ്രകാരവുമാണ് പൊലീസ് കേസെടുത്തത്.
കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ജലീൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പായിരുന്നു വിവാദമായത്.
പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നും ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യൻ അധീന കശ്മീരെന്നും' കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത് വിവാദമായിരുന്നു. പരാമർശം വിവാദമായതിനു പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
'പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം' - ഇങ്ങനെയാണ് കുറിപ്പിന്റെ ഒരു ഭാഗം.
''ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ...''- മറ്റൊരു ഭാഗത്ത് ജലീൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kt jaleel, KT Jaleel controversy