കോട്ടയം: ഏറ്റുമാനൂർ ക്ഷേത്ര ഉത്സവ കൊടിയേറ്റിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു. ഒരു വിഭാഗം ഭക്തരുടെ പ്രതിഷേധം ഉണ്ടായേക്കുമെന്ന സൂചന കാരണമാണ് ഇവർ പിന്മാറിയതെന്നാണ് വിവരം. ബോർഡ് അംഗം കെ പി ശങ്കരദാസ് കോട്ടയത്ത് എത്തിയ ശേഷമാണ് സാംസ്കാരിക സമ്മേളനത്തിൽ നിന്ന് പിന്മാറിയത്.
ഏറ്റുമാനൂർ ക്ഷേത്ര ഉത്സവ കൊടിയേറ്റിലും തുടർന്നുള്ള സാംസ്കാരിക സമ്മേളനത്തിലും ദേവസ്വം ബോർഡ് പ്രതിനിധികൾ പതിവായി പങ്കെടുക്കാറുണ്ട്. ഇത്തവണയും ഇവരുടെ പേരുകൾ നോട്ടീസിൽ നൽകിയിരുന്നു. എന്നാൽ പിന്നീട് ദേവസ്വം ബോർഡ് പ്രതിനിധികൾ പിന്മാറുകയായിരുന്നു. കൊടിയേറ്റത്തിലെ പങ്കെടുത്താൽ കൊടിയിറക്കത്തിലും പങ്കെടുക്കണമെന്ന വിശ്വാസപരമായ കാര്യം ചൂണ്ടിക്കാട്ടിയാണ് അംഗങ്ങളുടെ പിന്മാറ്റം എന്നാണ് ക്ഷേത്ര ഉപദേശകസമിതിയുടെ പ്രതികരണം.
കൊടിയേറ്റിൽ പങ്കെടുക്കുന്നതിന് വിശ്വാസപരമായ പ്രശ്നങ്ങളുണ്ടെങ്കിലും സാംസ്കാരിക സമ്മേളനത്തിന് ഇത് ബാധകം ആയിരുന്നില്ല. കോട്ടയത്ത് ഉണ്ടായിരുന്ന ശങ്കർദാസ് പങ്കെടുക്കും എന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നെങ്കിലും വിട്ടുനിന്നു. ബോർഡ് അംഗം വിജയകുമാർ കോട്ടയത്തേക്കുള്ള യാത്ര ഇടയ്ക്ക് റദ്ദാക്കി തിരുവനന്തപുരത്തിനു മടങ്ങി.
ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് വിശ്വാസികളെ ചതിചെന്ന് ആരോപിച്ച് ശബരിമല കർമ്മസമിതി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ക്ഷേത്രത്തിൽ പ്രതിഷേധം നേരിടേണ്ടി വന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന സൂചനയെ തുടർന്നാണ് ബോർഡ് പ്രതികളുടെ പിന്മാറ്റം എന്നാണ് വിവരം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.