SABARIMALA: യുവതി പ്രവേശനത്തെ നേരത്തെ എതിർത്തിരുന്നില്ലേ എന്ന് ജസ്റ്റിസ് ഇന്ദുമൽഹോത്ര; ഇത് ഇപ്പോഴത്തെ ബോർഡിന്റെ നിലപാടെന്ന് അഭിഭാഷകൻ
Last Updated:
മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് ബോർഡിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിച്ചത്
ന്യൂഡൽഹി: ശബരിമലയിൽ പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അനുകൂലിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് ബോർഡിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിച്ചത്. ഏകദേശം 20 മിനിറ്റ് സമയമെടുത്താണ് രാകേഷ് ദ്വിവേദി ബോർഡിന്റെ നിലപാട് വ്യക്തമാക്കിയത്. യുവതിപ്രവേശനത്തെ ദേവസ്വം ബോർഡ് നേരത്തെ എതിർത്തിരുന്നില്ലേ എന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ഇടയ്ക്ക് അഭിഭാഷകനോട് ചോദിച്ചു. എന്നാൽ ഇപ്പോഴത്തെ ദേവസ്വം ബോർഡിന്റെ നിലപാടാണ് അറിയിക്കുന്നതെന്ന് രാകേഷ് ദ്വിവേദി മറുപടി നല്‍കി. ആവശ്യമെങ്കിൽ പുതിയ ഹർജി നൽകാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എല്ലാവർക്കും തുല്യ അവകാശം എന്നത് വളരെ പ്രധാനപ്പെട്ട അവകാശമാണെന്ന് ദേവസ്വം ബോർഡ് നിലപാടെടുത്തു. തുല്യത ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ആർത്തവമാണ് മനുഷ്യകുലത്തിന്‍റെ നിലനിൽപ്പിന്‍റെ അടിസ്ഥാനം. ആർത്തവത്തിന്‍റെ പേരിൽ യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കാനാകില്ല. ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങൾ ഉൾകൊണ്ടേ മതിയാകൂ എന്നും ദേവസ്വം ബോർഡ് വാദിച്ചു. അയ്യപ്പ വിശ്വാസികൾ പ്രത്യേക വിഭാഗം അല്ല എന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ആചാരങ്ങളും ഭരണഘടനയ്ക്ക് അനുസൃതം ആയിരിക്കണം. കാലം മാറുന്നതിന് അനുസരിച്ച് എല്ലാ മേഖലകളിലും പരിഷ്കരണം ആവശ്യം ആണ്. വനിതകൾക്ക് എല്ലാ മേഖലകളിലും അവസരം ഉണ്ടാകണം. സുപ്രീംകോടതി പുനഃപരിശോധിക്കേണ്ടതില്ലെന്നും നാല് റിട്ട് പെറ്റീഷനുകളും തള്ളണമെന്നും ബോർഡ‍് ആവശ്യപ്പെട്ടു. കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളിക്കേണ്ട സമയമാണ്. സമൂഹം മുന്നോട്ടാണ് പോകേണ്ടത്. ജൈവശാസ്‌ത്ര പരമായ കാരണങ്ങളാൽ സ്ത്രീകളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ആകില്ലെന്നും അഭിഭാഷകൻ ബോർഡിന് വേണ്ടി കോടതിയിൽ നിലപാട് വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 06, 2019 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SABARIMALA: യുവതി പ്രവേശനത്തെ നേരത്തെ എതിർത്തിരുന്നില്ലേ എന്ന് ജസ്റ്റിസ് ഇന്ദുമൽഹോത്ര; ഇത് ഇപ്പോഴത്തെ ബോർഡിന്റെ നിലപാടെന്ന് അഭിഭാഷകൻ


