തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ചതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. രോഗിയെ സജ്ജമാക്കുന്നതിനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളുവെന്നു നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള സങ്കീര്‍ണതയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ രാത്രിയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് ഇന്ന് മരിച്ചത്. ഇത് ശസ്ത്രക്രിയ വൈകിയതിനാലാണെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്കി.
എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. അടിയന്തര സാഹചര്യം പരിഗണിച്ച് രാജഗിരിമുതല്‍ തിരുവനന്തപുരം വരെ ട്രാഫിക് സിഗ്നലുകള്‍ അണച്ച് ആംബുലന്‍സിന് വേണ്ടി പൊലീസ് ഗ്രീന്‍ചാനല്‍ ഒരുക്കുനല്‍കി. മൂന്ന് മണിക്കൂറുകൊണ്ട് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തി.
പോലീസിന്റെ സഹായത്തോടെ വളരെ വേഗം എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷന് നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലര്‍ട്ട് നല്‍കിയിരുന്നില്ല, മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നു. ഒടുവില്‍ മണിക്കൂറുകള്‍ കഴിഞ്ഞ് രാത്രി 9.30നാണ് ശസ്ത്രക്രിയ തുടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.