HOME » NEWS » Kerala » DOMESTIC VIOLENCE COMPLAINTS CAN NOW DIRECTLY REPORTED TO APARAJITHA ONLINE

അപരാജിത ഇന്നു മുതൽ പ്രവർത്തനം തുടങ്ങും; ഗാർഹിക പീഡന പരാതികൾ ഇനി നേരിട്ട് അറിയിക്കാം

24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് ആസ്ഥാനത്തെ ഡിജിപിയുടെ കൺട്രോൾ റൂമിലും പരാതികൾ നൽകാം.

News18 Malayalam | news18-malayalam
Updated: June 23, 2021, 7:21 AM IST
അപരാജിത ഇന്നു മുതൽ പ്രവർത്തനം തുടങ്ങും; ഗാർഹിക പീഡന പരാതികൾ ഇനി നേരിട്ട് അറിയിക്കാം
അപരാജിത
  • Share this:
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കൂടുതൽ ഇടപെടലുമായി പൊലീസ്. സ്ത്രീധന പീഡന പരാതികൾ അന്വേഷിക്കുന്നതിന് പ്രത്യേക നോഡൽ ഓഫീസറെ നിയോഗിച്ചു. പരാതികൾ അറിയിക്കാനുള്ള പുതിയ സംവിധാനമായ അപരാജിത ഇന്ന് പ്രവർത്തനം തുടങ്ങും.

സ്ത്രീധനപീഡനം ഉൾപ്പെടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. സ്ത്രീധനപീഡന പരാതികൾ അന്വേഷിക്കുന്നതിന് പത്തനംതിട്ട എസ് പി ആർ നിശാന്തിനിയെ നോഡൽ ഓഫീസറായി നിയമിച്ചു. സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങളെക്കുറിച്ച് പരാതി നൽകാനുള്ള അപരാജിത എന്ന സംവിധാനത്തിലൂടെ ഗാർഹിക പീഡന പരാതികളും ഇനി അറിയിക്കാം.

aparajitha.pol@kerala.gov.in എന്ന വെബ്സൈറ്റിലൂടെയും 9497996992 എന്ന നമ്പറിലുമാണ് പരാതികൾ അറിയിക്കേണ്ടത്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് ആസ്ഥാനത്തെ ഡിജിപിയുടെ കൺട്രോൾ റൂമിലും പരാതികൾ നൽകാം. നമ്പരുകൾ- 9497900999, 9497900286.

You may also like:കൊല്ലത്ത് ബാങ്ക് മാനേജരായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരം വിഷയങ്ങളില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹമെന്നും വിവാഹത്തെ വ്യാപാര കരാറായി തരം താഴ്ത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാമെന്ന ചിന്ത ആണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കി കൊടുക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭാര്യെയ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം മറ്റു സംസ്ഥാനങ്ങളില്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ നമ്മുടെ നാട് അത്തരത്തിലേക്ക് മാറുക എന്നത് സംസ്ഥാനം ആര്‍ജിച്ചിട്ടുള്ള സംസ്‌കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണ്. അതിനാല്‍ അത്തരം പരാതികളില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

You may also like:'പെണ്‍കുട്ടികള്‍ വിവാഹകമ്പോളത്തിലെ ചരക്കല്ല, സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല'; ക്യാമ്പയിനുമായി DYFI

അതേസമയം, കൊല്ലത്ത് മരിച്ച വിസ്മയയുടെ ഭർത്താവും പ്രതിയുമായ കിരൺകുമാറിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തി ജാമ്യമില്ലാ വകുപ്പിലാണ് കിരണിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊട്ടാരക്കര സബ് ജയിലിലേക്കാണ് കിരണിനെ മാറ്റിയത്.

കിരണിന്റെ മൊബൈൽഫോൺ രേഖകൾ പോലീസ് പരിശോധിക്കുന്നുണ്ട്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ കിരണിനെ കഴിഞ്ഞദിവസം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വിസ്മയ മരിക്കുന്നതിൻറെ തലേന്ന് കിരണിന്റെ സഹോദരി വീട്ടിലുണ്ടായിരുന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഗാർഹിക പീഡനത്തിൽ കിരണിന്റെ വീട്ടുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറിൽ നിന്ന് അന്വേഷണ സംഘം ഇന്ന് വിശദമായ മൊഴി ശേഖരിക്കും.

വിസ്മയയുടെ വീട് മന്ത്രി വീണ ജോർജ് സന്ദർശിച്ചു. കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി മാതാപിതാക്കൾക്ക് ഉറപ്പുനൽകി. അന്വേഷണമേൽനോട്ട ചുമതല വഹിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് വിസ്മയയുടെ വീട് സന്ദർശിക്കും.
Published by: Naseeba TC
First published: June 23, 2021, 7:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories