HOME /NEWS /Kerala / ‘സഖാവേ എന്നു വിളിക്കാനാവാത്ത ഒരുയരവും ഞങ്ങള്‍ക്ക് താണ്ടാനില്ല’; ക്യാപ്റ്റനെതിരെ കവിതയുമായി ‍‍‍ഡോ. ആസാദ്

‘സഖാവേ എന്നു വിളിക്കാനാവാത്ത ഒരുയരവും ഞങ്ങള്‍ക്ക് താണ്ടാനില്ല’; ക്യാപ്റ്റനെതിരെ കവിതയുമായി ‍‍‍ഡോ. ആസാദ്

News18

News18

ക്യാപ്റ്റൻ എന്ന വിശേഷണത്തിനെതിരെ സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും പി ജയരാജനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

 • Share this:

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്നു വിശേഷിപ്പിച്ചുള്ള പ്രചാരണങ്ങൾക്കെതിരെ കവിതയെഴുതി ഇടതു നിരീക്ഷകൻ ഡോ. ആസാദ്.  ഫേസ്ബുക്ക് പേജിലാണ് ആസാദ് കവിത പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങള്‍ക്കു ക്യാപ്റ്റന്മാരില്ല. കാരണം, ഞങ്ങള്‍ സഖാക്കളാണ്. സഖാവേ എന്നു വിളിക്കാനാവാത്ത ഒരുയരവും ഞങ്ങള്‍ക്കു താണ്ടാനില്ല. സഖാവേ എന്നാശ്ലേഷിക്കാനാവാത്ത

  ഒരുന്മേഷവും ഞങ്ങളെ കുളിര്‍പ്പിക്കില്ല' എന്ന് തുടങ്ങുന്നതാണ് കവിത.

  ക്യാപ്റ്റൻ എന്ന വിശേഷണത്തിനെതിരെ സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും പി ജയരാജനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

  ഡോ. ആസാദ് പങ്കുവച്ച കവിത

  കവിത വായിക്കാം

  ഞങ്ങള്‍ക്കു ക്യാപ്റ്റന്മാരില്ല.

  കാരണം, ഞങ്ങള്‍ സഖാക്കളാണ്.

  സഖാവേ എന്നു വിളിക്കാനാവാത്ത

  ഒരുയരവും ഞങ്ങള്‍ക്കു താണ്ടാനില്ല.

  സഖാവേ എന്നാശ്ലേഷിക്കാനാവാത്ത

  ഒരുന്മേഷവും ഞങ്ങളെ കുളിര്‍പ്പിക്കില്ല.

  അവന്‍/ള്‍ എന്റെ സഖാവ് എന്നതില്‍

  കവിഞ്ഞൊരു പുരസ്കാരവും കിട്ടാനില്ല.

  അവള്‍/ന്‍ എന്റെ സഖാവല്ല എന്നതില്‍

  കവിഞ്ഞൊരു നിന്ദയും സഹിക്കാനില്ല.

  കാരണം സഖാവ് എന്നതു വെറുംവാക്കല്ല.

  സിരകളിലേക്കു പ്രവഹിക്കുന്ന വിളിയാണ്.

  അറിയപ്പെടാത്ത അനേകരിലേക്കുള്ള

  സാഹോദര്യത്തിന്റെ സ്നേഹപ്പാലമാണ്.

  ഞങ്ങളിലൊരാളെ ക്യാപ്റ്റനെന്നു

  അഭിസംബോധന ചെയ്യുമ്പോള്‍

  ഒരു വിയോഗത്തിന്റെ നടുക്കമറിയും.

  ഒരനാഥത്വത്തിന്റെ കാലഖേദമിരമ്പും.

  ഞങ്ങളില്‍നിന്നും മുറിച്ചുമാറ്റപ്പെട്ട

  അര്‍ബുദബാധിതമായ അവയവംപോലെ

  ചോരയോട്ടം നിലച്ച ഞരമ്പുകള്‍,

  തണുത്തുറഞ്ഞ ഒരുടല്‍ഛേദം.

  Also Read ഈ പാർട്ടിയിൽ 'എല്ലാവരും സഖാക്ക'ളാണ്; പാർട്ടിയാണ് ക്യാപ്റ്റൻ: പിണറായിക്കെതിരെ ഒളിയമ്പുമായി പി ജയരാജൻ

  ആജ്ഞയും വിധേയത്വവും കലഹിക്കുന്ന

  നാളുകളെത്രയോ കടന്നുപോയി.

  ആജ്ഞകള്‍ക്കു കാതോര്‍ത്തു കഴിയാന്‍

  അടിമജീവിതങ്ങളിനി ബാക്കിയില്ല.

  സാനിറ്റൈസര്‍ വച്ചുനീട്ടുന്ന

  കൊച്ചുകുട്ടിയാണ്

  ഞങ്ങളുടെ ജനാധിപത്യം.

  മുതിര്‍ന്നവരുടെ കൈകളിലെ കീടങ്ങള്‍

  അവര്‍ക്കു തുടച്ചുനീക്കിയേ പറ്റൂ.

  മാലചാര്‍ത്തിയാശ്ലേഷിക്കുന്ന സഖാക്കള്‍

  നിശ്ശബ്ദമായ് ഒരു സംഗീതം പങ്കിടും.

  അപശ്രുതികലര്‍ന്ന ആത്മരാഗത്തിന്റെ

  ചകിതവെപ്രാളം അതു തട്ടിയെറിയും.

  Also Read 'ക്യാപ്റ്റന്‍' വിളിയിൽ ആശയക്കുഴപ്പം വേണ്ട; ആളുകളുടെ താല്‍പര്യത്തിന് അനുസരിച്ച് പലതും വിളിക്കും: മുഖ്യമന്ത്രി

  അവനവനില്‍ ശത്രുവെ പോറ്റുന്നവര്‍

  വാക്കുകളും ആശ്ലേഷങ്ങളുമകറ്റും.

  അടുപ്പങ്ങളില്‍നിന്നും രക്ഷനേടാന്‍

  ക്യാപ്റ്റനെന്ന കട്ടിക്കുപ്പായമണിയും.

  ഉറങ്ങാന്‍ ഇരുമ്പു മറകള്‍ വേണം.

  യാത്രയ്ക്കു അകമ്പടി സേനകള്‍ വേണം.

  ആകാശം മുട്ടുന്ന കട്ടൗട്ടുകള്‍കൊണ്ട്

  അവനവനെ പെരുപ്പിച്ചു നിര്‍ത്തണം.

  Also Read മുഖ്യമന്ത്രിക്ക് 'ക്യാപ്റ്റൻ' വിശേഷണം പാർട്ടി നൽകിയിട്ടില്ല: കോടിയേരി ബാലകൃഷ്ണൻ

  ഞങ്ങള്‍ക്കു പക്ഷേ ക്യാപ്റ്റനെ വേണ്ട.

  ഭീരുക്കളുടെ ഒളിയിടങ്ങളേക്കാള്‍

  പോരാളികള്‍ക്കു പ്രിയം ശവമാടമാണ്.

  അതിനാല്‍ ഞങ്ങള്‍ സഖാക്കളാണ്.

  സഖാക്കള്‍ മാത്രമാണ്...

  English Summary : Dr Azad poet

  കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും പാർട്ടിയാണ് ക്യാപ്റ്റനെന്നുമാണ് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്. ക്യാപ്റ്റൻ വിളിയിൽ ആശയക്കുഴപ്പമില്ലെന്നും ആളുകൾ അവരുടെ താൽപര്യത്തിന് അനുസരിച്ച് പലതും വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് പി ജയരാജന്റെ അഭിപ്രായ പ്രകടനം.

  "ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും. എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ 'എല്ലാവരും സഖാക്ക'ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്."- ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു

  First published:

  Tags: Assembly, Assembly election, Assembly Election 2021, Assembly election update, Assembly elections, Captain Pinarayi, Chief minister pinarayi, Kodiyeri balakrishnan