Monson Mavunkal|മോൻസൺ മാവുങ്കലിന് മീൻ വാങ്ങാനും തേങ്ങ എടുക്കാനും DIGയുടെ കാർ; വെളിപ്പെടുത്തലുമായി ഡ്രൈവർ
- Published by:Naseeba TC
- news18-malayalam
Last Updated:
ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമായുള്ള മോൺസൺ മാവുങ്കലിന്റെ അടുപ്പം സ്ഥിരീകരിച്ച് ഡ്രൈവറുടെ വെളിപ്പെടുത്തൽ
കൊച്ചി: ക്രൈം ബ്രാഞ്ചിനെ വെട്ടിലാക്കി മോൺസൺ മാവുങ്കലിന്റെ (Monson Mavunkal)ഡ്രൈവറുടെ വെളിപ്പെടുത്തൽ. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി മോൺസൺ മാവുങ്കലിന്റെ അടുപ്പം വ്യക്തമാക്കുന്നതാണ് വെളിപ്പെടുത്തൽ. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കൽ പോലീസ് വാഹനം ദുരുപയോഗം ചെയ്തുവെന്നും മോൺസൺ മാവുങ്കൽ പലപ്പോഴും സഞ്ചരിച്ചത് പോലീസ് വാഹനത്തിലാണെന്നും മോൺസന്റെ ഡ്രൈവർ ജെയ്സൺ വെളിപ്പെടുത്തി.
ഡിഐജി സുരേന്ദ്രനുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. അദ്ദേഹത്തിന്റെ ഔദ്യോഗിക കാർ പലപ്പോഴും മോൺസന്റെ സ്വകാര്യ യാത്രകൾക്കായി ഉപയോഗിച്ചു. കോവിഡ് കാലത്തായിരുന്നു ഇത് കൂടുതലും നടന്നത്. വീട്ടിലേക്ക് മീൻ വാങ്ങാനും തേങ്ങ എടുക്കാനും ഡിഐജിയുടെ കാർ ഉപയോഗിച്ചു. പോലീസുകാർക്ക് മദ്യക്കുപ്പിയും ഇതുവഴി വിതരണം ചെയ്തു. അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് മോൻസൺ മടങ്ങിയത് ഔദ്യോഗിക കാറിൽ ബീക്കൻ ലൈറ്റ് ഇട്ടായിരുന്നു.
തൃശ്ശൂരിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് വേഗത്തിൽ എത്തുന്നതിനു വേണ്ടിയാണ് ഔദ്യോഗിക കാറിൽ യാത്ര ചെയ്തത്. ഡൽഹിയിൽ എത്തിയപ്പോൾ മോൻസൺ താമസിച്ചത് നാഗാലാൻഡ് പോലീസിന്റെ ക്യാമ്പിലാണ്. ഐജി ലക്ഷ്മൺ ആണ് ഇത് ഒരുക്കി കൊടുത്തതെന്നും ജൈസൺ പറയുന്നു. മോൺസന്റെ സുഹൃത്തുക്കൾക്ക് കോവിഡ് കാലത്ത് ഡിഐജി മുഖേന വാഹന പാസുകൾ നൽകി. ഇതിനായി ഐ ജിയുടെ ഔദ്യോഗിക സീലുകളും ഉപയോഗിച്ചു.
advertisement
ഇതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നതാണ്. എങ്കിലും ക്രൈം ബ്രാഞ്ച് ഇത് കാര്യമായി എടുത്തില്ല. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഉദ്യോഗസ്ഥരെ കുറിച്ച് പരാമർശങ്ങൾ ഇല്ലെന്നും ജയ്സൺ പറഞ്ഞു. മോൺസനുമായി ബന്ധപ്പെട്ട ആരോപണം ഉയർന്ന ഉദ്യോഗസ്ഥരെ ഒന്നടങ്കം വെള്ളപൂശിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ഇതിനെതിരെ പരാതിക്കാർ നിയമ യുദ്ധത്തിന് ഒരുങ്ങുകയാണ്. കേസ് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകൾ പലതും അട്ടിമറിച്ചതായും പരാതിയിൽ പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിൽ പ്രതികളാണ്. ഈ സാഹചര്യത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് പരിമിതികൾ ഉണ്ട്. യാഥാർത്ഥ പ്രതികൾ പലരും ഇപ്പോഴും പിടിയിലായില്ലെന്നും സി ബി ഐ അന്വേഷണം അനിവാര്യമാണെന്നും പരാതിക്കാരനായ യാക്കൂബ് പുതിയപുരയിൽ നല്കിയ പരാതിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 16, 2022 10:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Monson Mavunkal|മോൻസൺ മാവുങ്കലിന് മീൻ വാങ്ങാനും തേങ്ങ എടുക്കാനും DIGയുടെ കാർ; വെളിപ്പെടുത്തലുമായി ഡ്രൈവർ